മോസ്‌കോ: ചാരവൃത്തി ആരോപിച്ച് മോസ്‌കോ പൊലീസ് അറസ്റ്റ് ചെയ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിന്റെ ജാമ്യാപേക്ഷ റഷ്യന്‍ കോടതി തള്ളി. വിചാരണ നടപടികള്‍ക്ക് മുമ്പെ തടവിലിട്ട നടപടിയെ ചോദ്യം ചെയ്ത് ഇവാന്‍ നല്‍കിയ ഹരജിയാണ് മോസ്‌കോ കോടതി തള്ളിയത്.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായിരുന്ന ഇവാനെ മാര്‍ച്ച് 29നാണ് യകാതരിന്‍ബര്‍ഗ് സിറ്റിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ അമേരിക്കക്ക് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ചാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.
മോസ്‌കോയില്‍ നിന്ന് ഏകദേശം 1600 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന യകാതരിന്‍ബര്‍ഗിലെ റഷ്യന്‍ സൈനിക ഗ്രൂപ്പിന്റെ വിവരങ്ങള്‍ ഇവാന്‍ കവര്‍ ചെയ്‌തെന്ന ആരോപണമാണ് പൊലീസ് ഉന്നയിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇവാനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അനാവശ്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നുമാണ് മോസ്‌കോയിലെ യു.എസ് അംബാസിഡറായ ലിന്‍ ട്രേസിയുടെ വാദം.
‘ഇവാനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും ദിവസം കരുതല്‍ തടങ്കലില്‍ വെച്ച അദ്ദേഹത്തെ നേരിട്ട് കാണാന്‍ അനുമതി ലഭിച്ചത് ഇന്നലെയാണ്. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇവാന്‍ പൂര്‍ണ ആരോഗ്യവാനാണ്. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഞാന്‍ റഷ്യന്‍ ഫെഡറേഷനോട് ആവശ്യപ്പെടുകയാണ്,’ ലിന്‍ ട്രസ് ബി.ബി.സിയോട് പറഞ്ഞു.
അതിനിടെ ഇവാന്റെ മോചനത്തിനായി അമേരിക്കയുടെ നേതൃത്വത്തില്‍ 40ലധികം രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുന്ന റഷ്യന്‍ ഭരണകൂടത്തിന്റെ നടപടി അപലപനീയമാണെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
യു.എസ് പ്രസിഡന്റ് ജോ. ബൈഡനും റിപ്പബ്ലിക്കന്‍, ഡെമാക്രാറ്റ് സെനറ്റര്‍മാരും ഇവാന്റെ തടങ്കലിനെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മോസ്‌കോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും ഇവാന് തടവ് വിധിക്കാനാണ് സാധ്യതയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ജെയിംസ് ഫോളി ലെഗസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ മാത്രം 65 അമേരിക്കക്കാര്‍ വിദേശ രാജ്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Content Highlight: Moscow court denies plea of American journalist