ബാഗ്ദാദ്: കാണാതായ ഇസ്രഈല്‍-റഷ്യന്‍ ഗവേഷക എലിസബത്ത് സുര്‍കോവിന്റെ വീഡിയോ സന്ദേശം ഇറാഖി വാര്‍ത്താ ചാനലായ അല്‍-റബിയ ടി.വിയാണ് പുറത്തുവിട്ടത്. 2011ല്‍ സിറിയക്കെതിരെ യു.എസ് നേതൃത്വത്തിലുള്ള യുദ്ധത്തിൽ പങ്കെടുത്ത ഇസ്രഈലി സൈനികയായിരുന്നു എലിസബത്ത് സുര്‍കോവ്.
ഇസ്രഈല്‍ ഫലസ്തീനിലെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതിനെയും ആശുപത്രികള്‍ക്ക് നേരെയുള്ള ബോംബാക്രമണത്തെയും പരാമര്‍ശിച്ചുകൊണ്ട് താന്‍ ദിവസവും ഗസയിലെ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സുര്‍കോവ് പറഞ്ഞു.
‘ഇസ്രഈലിന്റെ നയം ഞങ്ങള്‍ക്കും ഗസയിലെ ഫലസ്തീന്‍ ജനതയ്ക്കും ഇടയില്‍ വിദ്വേഷം വളര്‍ത്തുകയാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം വിഡ്ഢിത്തമാണ്. അത് ദുരന്തത്തിലേക്കും യുദ്ധത്തിന്റെ തുടര്‍ച്ചയിലേക്കും നയിക്കും’ അവര്‍ പറഞ്ഞു .
ഗസയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്താന്‍ ഇസ്രഈലി തടവുകാരുടെ കുടുംബങ്ങളോട് സുര്‍കോവ് ആഹ്വാനം ചെയ്തു.
വീഡിയോയില്‍ ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദുമായുള്ള ദീര്‍ഘകാലത്തെ തന്റെ ബന്ധം സുര്‍കോവ് സ്ഥിരീകരിച്ചു.
‘എന്റെ പേര് എലിസബത്ത് സുര്‍കോവ്. ഞാനൊരു ഇസ്രഈലി പൗരയാണ്. ഞാന്‍ മൊസാദിനും സി.ഐ.എക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്രഈലും അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ് പ്രോക്‌സി സംഘടനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്)തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനാണ് ഞാന്‍ സിറിയയില്‍ പ്രവര്‍ത്തിച്ചത്,’ ദി ക്രാഡില്‍ മീഡിയ തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ സുര്‍കോവ് പറഞ്ഞു.
ഇറാഖിലെ പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിച്ച് തര്‍ക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി താന്‍ ഇറാഖിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഇറാഖിനുള്ളില്‍ ഷിയാക്കള്‍ക്കിടയിലെ ഏറ്റുമുട്ടലുകള്‍ക്ക് ആക്കം കൂട്ടാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഞാന്‍ ഏഴുമാസമായി തടവിലാണ്. എന്നാല്‍ എന്നെ രക്ഷിക്കാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല,’ അവര്‍ പറഞ്ഞു.
ഇറാഖി സുരക്ഷ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുര്‍കോവ് റഷ്യന്‍ പാസ്പോര്‍ട്ടില്‍ ഇറാഖിലേക്ക് പ്രവേശിക്കുകയും ബാഗ്ദാദിലേക്ക് പോകുന്നതിനു മുമ്പ് അവര്‍ ആദ്യം കുര്‍ദിസ്ഥാന്‍ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തതായി ദി ക്രാഡില്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ഇറാഖി നഗരമായ ബസ്രയില്‍ വച്ചാണ് അവരെ കാണാതായതെന്നാണ് ആദ്യം പ്രചരിച്ച റിപോര്‍ട്ടുകള്‍. എന്നാല്‍ മാര്‍ച്ച് 26ന് ബഗ്ദാദിലെ കരാടയിലെ ഒരു വീട്ടില്‍ നിന്ന് അവരെ തട്ടിക്കൊണ്ടുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സുര്‍കോവ് ഇറാഖി തടവില്‍ ആയതിനുശേഷം അവരൊരു മൊസാദ് രഹസ്യാന്വേഷണ ഏജന്റ് ആണെന്ന വാദം ഇസ്രഈലി സുരക്ഷാ ഉദ്യോഗസ്ഥന്‍ നിഷേധിച്ചിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് യു.എസ് നല്‍കുന്ന പിന്തുണക്കെതിരെ ഇറാഖി പ്രതിരോധ ഗ്രൂപ്പുകള്‍ സിറിയയിലെയും ഇറാഖിലേയും യു.എസ് സേനയെ തുടര്‍ച്ചയായി ആക്രമിക്കുന്നതിനിടയിലാണ് സുര്‍ക്കോവിന്റെ പുതിയ വീഡിയോ പുറത്തുവന്നത്.
Content Highlight: Mosad agent statement on Israel-Palastine war