പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി വിജയിച്ചാല്‍ കശ്മീരിലെ തീവ്രവാദികള്‍ ബീഹാറിലെത്തുമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.
ഈ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കശ്മീരിലെ തീവ്രവാദികള്‍ ബീഹാറില്‍ അഭയം തേടും. അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നാണ് വൈശാലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റാലിയില്‍ റായ് പറഞ്ഞത്.
റായിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി ആര്‍.ജെ.ഡി രംഗത്തെത്തി. തെരഞ്ഞെടുപ്പിന്റെ അജണ്ടയെ തന്നെ മാറ്റി മറിക്കാനുള്ള ശ്രമമാണിതെന്നാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. എന്തുകൊണ്ടാണ് നിത്യാനന്ദ് റായ് തൊഴിലില്ലായ്മയുടേയും പട്ടിണിയുടേയും തീവ്രതയെക്കുറിച്ച് സംസാരിക്കാത്തതെന്ന് തേജസ്വി യാദവ് ചോദിച്ചു.
നിത്യാനന്ദ് റായിയുടെ പ്രസ്താവന ഓരോ ബീഹാറിയേയും വേദനിപ്പിച്ചെന്നും അപമാനിച്ചെന്നുമാണ് ആര്‍.ജെ.ഡി നേതാവ് മനോജ് കുമാര്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നിത്യാനന്ദ റായ് ആര്‍.ജെ.ഡിക്ക് എതിരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഒക്ടോബര്‍ 28. നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: If RJD wins Bihar polls, terrorists from Kashmir will take shelter in state: MoS Home Nityanand Rai