| Monday, 7th October 2019, 8:13 pm

മൃതദേഹ അവശിഷ്ടങ്ങള്‍ വിദേശത്തേക്ക്; കൂടത്തായി കേസില്‍ അടുത്ത നീക്കവുമായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട ആറുപേരുടെയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍. വിശദമായ രാസപരിശോധനാ ഫലം ലഭിക്കാന്‍ വേണ്ടിയാണ് അവശിഷ്ടങ്ങള്‍ അയക്കുന്നത്.

ഇതുവരെ റോയിയുടെ മൃതദേഹത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയതായുള്ള വിവരമേ പൊലീസിന്റെ പക്കലുള്ളൂ. ബാക്കിയുള്ളവരില്‍ നിന്ന് ഇതുവരെ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നീക്കം.

നേരത്തേ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരി റെഞ്ചി തോമസ് രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാജുവിന്റെ ആദ്യ ഭാര്യയായ സിലി മരിക്കുന്നതിനു മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്നും സിലിയുടെ ശവസംസ്‌കാരച്ചടങ്ങിനിടെ ജോളിയുടെ മുഖത്തു ഗൂഢമായ സന്തോഷം താന്‍ കണ്ടിരുന്നെന്നും റെഞ്ചി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

‘ഷാജുവിനു കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നു ഞാന്‍ നേരത്തെയും പറഞ്ഞിരുന്നു. ജോളിയെ ഷാജു കല്യാണം കഴിച്ചതു മുതലാണ് എനിക്കു കൊലപാതകങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയത്.

സിലി മരിച്ചപ്പോള്‍ അവിടെ കാര്യങ്ങള്‍ ഓടിനടന്നു ചെയ്തതു ജോളിയായിരുന്നു. അന്നു ജോളിയുടെ മുഖത്തു ഗൂഢമായ സന്തോഷം ഞാന്‍ കണ്ടിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ കല്യാണം കൂടേണ്ടിവരുമെന്നു സഹോദരനോട് അന്നു പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോളി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു തോന്നി. ഭാര്യ മരിച്ചതോടെ ഷാജു ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ജോളിയോടു പ്രണയമില്ലെന്നു ഷാജു പറഞ്ഞതു കളവായിരുന്നു. ഭാര്യ മരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കല്യാണം കഴിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നു തോന്നിയിരുന്നു.

ഈ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനാണു ഞാന്‍ പൊരുതിയത്. ഷാജുവിന്റെ പിതാവിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. ഇതെല്ലാവര്‍ക്കും പാഠമാകട്ടെ. ഇനിയും ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്. കേരളാ സര്‍ക്കാരിനും ക്രൈംബ്രാഞ്ചിനും പ്രത്യേകം നന്ദി പറയുന്നു.’- റെഞ്ചി പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനും പങ്കുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് റെഞ്ചി ഈ പ്രതികരണം നടത്തിയത്. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നു ഷാജു മൊഴി നല്‍കിയിട്ടുണ്ട്.

മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കി.

എല്ലാ കാര്യങ്ങളും ജോളിയുടെ തലയില്‍ ചുമത്തിയ ശേഷം രക്ഷപ്പെടാനുള്ള ഷാജുവിന്റെ നീക്കമാണോ എന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more