| Saturday, 27th July 2013, 12:50 am

മുര്‍സിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് : 15 ദിവസത്തേക്ക് ജയിലിലടക്കാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കെയ്‌റോ: ##ഈജിപ്തില്‍ സൈന്യം പുറത്താക്കിയ പ്രസിഡന്റ് മുഹമ്മദ് ##മുര്‍സിയെ ജയിലിടക്കാന്‍ ഉത്തരവ്.

15 ദിവസത്തേക്ക് ജയിലിലടക്കാനാണ് അന്വേഷണ ജഡ്ജി ഉത്തരവിട്ടത്.  കൈറോ കോടതിയിലെ മജിസ്‌ട്രേറ്റ് ഡയറക്ടറായ ഹസന്‍ സാമിറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുര്‍സിയെ തടവിലാക്കിയതായാണ് അറിയുന്നത്. []

മുര്‍സിക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുര്‍സിയുടെ സുരക്ഷയെ കരുതിയാണ് അദ്ദേഹത്തെ ഒളിപ്പിച്ചിരി ക്കുന്നതെന്നാണ് നേരത്തേ ഭരണകൂടം അറിയിച്ചിരുന്നത്.

ഈജിപ്തില്‍ ഹുസ്‌നി മുബാറകിന്റെ ഏകാധിപത്യ ഭരണം പൂര്‍ണമായും തിരിച്ചുവരുന്നതിന്റെ ഉദാഹരണമാണ് മുര്‍സിക്കെതിരായ നടപടിയെന്ന് ബ്രദര്‍ഹുഡ് വക്താവ് ആരിഫ് മുഹമ്മദ് പ്രതികരിച്ചു.

മുര്‍സിക്കെതിരെ നടപടി സ്വീകരിക്കുന്നത് വിപ്‌ളവകാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. വിപ്‌ളവത്തില്‍ അന്ന് പങ്കാളികളായ എന്നാല്‍ ഇപ്പോള്‍ സൈനിക ഭരണത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കും ഇതില്‍ പാഠങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, മുര്‍സിക്കെതിരായ നടപടിയില്‍ ഈജിപ്തില്‍ ഒന്നടങ്കം കലാപം തുടരുകയാണ്. നിരവധി സ്ഥലത്ത് മുര്‍സി അനുകൂലികളും സൈന്യവും ഏറ്റുമുട്ടി.

മുര്‍സി അനുകൂല റാലികള്‍ക്ക് മുകളിലൂടെ സൈനിക ഹെലികോപ്ടറുകള്‍ താഴ്ത്തി പറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നാടുനീളെ റാലികള്‍ നടത്താനുള്ള സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ആഹ്വാനം ഈജിപ്തിനെ സംഘര്‍ഷത്തിന്റെ വക്കിലത്തെിച്ചിരിക്കുകയാണ്.

ഈജിപ്തിലെ സര്‍ക്കാര്‍, സ്വകാര്യ ചാനലുകളെല്ലാം പതിവു പരിപാടികള്‍ ഉപേക്ഷിച്ച് മുര്‍സി വിരുദ്ധ റാലികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുകയാണ്.

അതേസമയം മുര്‍സി അനുകൂല റാലികള്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മുര്‍സിക്കനുകൂലമായ ഇസ്ലാമിസ്റ്റ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൈന്യം അനുമതി നല്‍കിയിട്ടുമില്ല.

പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് സൈനിക ഭരണത്തോട് സഹകരിക്കാന്‍ ബ്രദര്‍ഹുഡ് തയാറാവണമെന്ന് സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി. 48 മണിക്കൂറിനകം ബ്രദര്‍ഹുഡ് ഇതിന് സന്നദ്ധമാവണമെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.

We use cookies to give you the best possible experience. Learn more