കെയ്‌റോ: മുര്‍സി ഭരണകൂടം പാസാക്കിയ പുതിയ ഭരണഘടനയില്‍ ഡിസംബര്‍ 15ന് ഈജിപ്തില്‍ ജനഹിത പരിശോധന നടക്കും. പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.[]
ജനഹിത പരിശോധന മുര്‍സിക്കനുകൂലമായാല്‍ രണ്ട് മാസത്തിനകം പുതിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നടക്കും. അതേസമയം മുര്‍സിയുടെ അമിതാധികാരത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഉപദേശകന്‍ സമീര്‍ മൊര്‍ക്കോസ് പ്രതിപക്ഷത്ത് ചേര്‍ന്നത് മുര്‍സിക്ക് വലിയ തിരിച്ചടിയായിരുന്നു.
മുര്‍സിയുടെ സര്‍ക്കാര്‍ അംഗീകരിച്ച കരട് ഭരണരേഖ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാരോപിച്ച് പ്രക്ഷോഭര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ജനഹിത പരിശോധനയുമായി മുര്‍സി രംഗത്തെത്തിയിരിക്കുന്നത്.
ജനാധിപത്യ സംവിധാനത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഈജിപ്തിന്റെ നീക്കമാണിതെന്നാണ് ജനഹിത പരിശോധന പ്രഖ്യാപിച്ച ശേഷം മുര്‍സി പറഞ്ഞത്.
ഭരണഘടനയുടെ കരട് അംഗീകിരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. നൂറംഗ അസംബ്ലിയിലെ ലിബറല്‍, ഇടതുപക്ഷ, െ്രെകസ്തവ അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
പുതിയ ഭരണഘടനയുടെ കരടിന് തിടുക്കപ്പെട്ട് അംഗീകാരം നല്‍കിയത് മുര്‍സിയുടെ അമിതാധികാരത്തിന്റെ ഭാഗമായാണെന്ന് ആരോപിച്ച് കെയ്‌റോയില്‍ പതിനായിരങ്ങളാണ് മുര്‍സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
“ഏകാധിപത്യ ഭരണഘടന തുലയട്ടെ” എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ച് കൂടിയത്.
പുതിയ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുന്നതിന് യാതൊന്നുമില്ലെന്നതാണ് പ്രധാന ആരോപണം. പൗരന്മാരെ വിചാരണ ചെയ്യാന്‍ പട്ടാളക്കോടതിക്ക് അനുവാദമുണ്ടെന്നും ഭരണഘടനയില്‍ പറയുന്നു.
പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ നീതിന്യായ വകുപ്പിന് അധികാരമുണ്ടാകില്ലെന്ന മുര്‍സിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈജിപ്തില്‍ രണ്ടാമതും പ്രക്ഷോഭം ആരംഭിച്ചത്. ഇസ്‌ലാമിക ശരീഅത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന തയ്യാറായിരിക്കുന്നതെന്ന റിപ്പോര്‍ട്ടുണ്ട്.