| Sunday, 26th March 2023, 9:35 am

ചരിത്രം സൃഷ്ടിച്ച് മൊറോക്കോ; ബ്രസീലിന് തോല്‍വി പുത്തരിയല്ലാതാകുന്നു?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ടീം ബ്രസീല്‍ സൗഹൃദ മത്സരത്തിലും തോല്‍വി നുണഞ്ഞിരിക്കുകയാണ്. മൊറോക്കോയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ കാനറിപ്പടയെ കീഴ്‌പ്പെടുത്തിയത്.

ആദ്യ പകുതിയില്‍ ബൗഫലിന്റെ തകര്‍പ്പന്‍ ഗോളോടെ മൊറോക്കോ ലീഡെടുക്കുകയായിരുന്നു. രണ്ടാം പാദത്തില്‍ കാസെമിറോ ഷോട്ട് വലയിലെത്തിച്ചതോടെ ബ്രസീലിന് സമനില പിടിക്കാനായി.

മൊറോക്കന്‍ സൂപ്പര്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയ്ക്ക് പറ്റിയ അബദ്ധം കാസെമിറോയുടെ ഷോ്ട്ട് ഗോളാക്കി മാറ്റാന്‍ സഹായിക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 79ാം മിനിട്ടില്‍ സാബിരി മൊറോക്കോക്കായി വിജയ ഗോള്‍ നേടിയതോടെ കാനറികള്‍ കൂപ്പുകുത്തുകയായിരുന്നു.

ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി നേടിയ മൊറോക്കോയുടെ ഈ വിജയത്തില്‍ ആശ്ചര്യം തോന്നുന്നില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോടും ഫ്രണ്ടിലി മാച്ചില്‍ മൊറോക്കോയോടും തോല്‍വി വഴങ്ങേണ്ടി വന്നത് ബ്രസീലിന്റെ പതനത്തെ സൂചിപ്പിക്കുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക.

ഒരുപാട് യുവതാരങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് ബ്രസീലിന്റെ ഇടക്കാല പരിശീലകനായ റാമോണ്‍ മെനസസ് സ്റ്റാര്‍ട്ടിങ് ഇലവന്‍ പുറത്തുവിട്ടത്. റോണി, ആന്‍ഡ്രേ സാന്റോസ്, ഇബാനസ് എന്നിവര്‍ ബ്രസീലിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷക്കൊത്തുയരാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

ഈ തോല്‍വി ബ്രസീലിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും പുതിയ പരിശീലകന് കീഴില്‍ ബ്രസീല്‍ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlights: Morocco wins Brazil in friendly match

Latest Stories

We use cookies to give you the best possible experience. Learn more