ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനല്‍ വരെ ഞെട്ടിക്കുന്ന വിജയക്കുതിപ്പുമായെത്തിയ മൊറോക്കോക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം ഫെബ്രുവരില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് ആതിഥേയരാവുക മൊറോക്കോയാണ്.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫിഫ ലോകകപ്പില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് സെമി ഫൈനല്‍ വരെ എത്തിയതിന് പുറമെ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് മൊറോക്കോ.
ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. യു.എസില്‍ നിന്നുള്ള സിയാറ്റില്‍ സൗണ്ടേഴ്‌സ്, സ്‌പെയിനില്‍ നിന്നുള്ള റയല്‍ മാഡ്രിഡ്, ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ള്‍ലാന്‍ഡ് സിറ്റി എന്നീ ടീമുകളാണ് ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിനുണ്ടാവുക.
അതേസമയം, 2025ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്നും ഇന്‍ഫന്റിനോ അറിയിച്ചു. ഓരോ നാല് വര്‍ഷവും കൂടുമ്പോള്‍ വിപുലമായ രീതിയില്‍ ക്ലബ്ബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ ഏറ്റവും പുതിയ തീരുമാനം.
മുമ്പ് കൊവിഡ് മഹാമാരി കാരണമാണ് ക്ലബ്ബ് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ ശ്രമങ്ങള്‍ നീണ്ടുപോയത്. 2026ല്‍ ഫിഫ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി ക്ലബ്ബ് ലോകകപ്പ് കൂടി നടത്താനാണ് ഫിഫയുടെ തീരുമാനം. യു.എസ്, മെക്സികോ, കാനഡ എന്നീ രാജ്യങ്ങളാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. 48 രാജ്യങ്ങളാണ് ലോകകപ്പിനുണ്ടാവുക.
മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകളാണ് മത്സരത്തിനുണ്ടാവുകയെന്ന് ഫിഫയുടെ ആഗോള വികസന മേധാവി ആഴ്സെന്‍ വെങ്ങര്‍ നേരത്തെ അറിയിച്ചിരുന്നു.
ഒരു വനിതാ ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്‍ഫന്റിനോ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ ഗവേണിങ് ബോഡി ഫിഫ വനിതാ ഫുട്‌സല്‍ ലോകകപ്പും അവതരിപ്പിക്കും. ഫിഫയുടെ ക്ലബ് മത്സരത്തിന് പുറമെ അണ്ടര്‍ 17 ലോകകപ്പുകളും വാര്‍ഷിക ഫോര്‍മാറ്റിലേക്ക് മാറ്റും.