ബലാത്സംഗത്തിനിരയായത് മാന്യമായി വസ്ത്രം ധരിക്കാത്തതിനാല്‍; മൊറോകോയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അപമാനിച്ച് മതമൗലികവാദികള്‍
Daily News
ബലാത്സംഗത്തിനിരയായത് മാന്യമായി വസ്ത്രം ധരിക്കാത്തതിനാല്‍; മൊറോകോയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അപമാനിച്ച് മതമൗലികവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2017, 9:39 am

മൊറോകോ: മൊറോകോയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അപമാനിച്ച് മതമൗലികവാദികള്‍. യുവതി മാന്യമായ വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് യുവാക്കള്‍ അത്തരത്തില്‍ പെരുമാറിയതെന്നാണ് ചില മതമൗലിക വാദികള്‍ സോഷ്യല്‍മീഡിയയില്‍ നിരത്തുന്ന ന്യായം.

ഓടുന്ന ബസ്സില്‍ യുവതിയെ ഒരുസംഘം വരുന്ന യുവാക്കള്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൊറോകോയില്‍ പ്രതിഷേധം ശക്തമായിരുന്നു.


Dont Miss കത്തോലിക്കാ വിശ്വാസിയായതിന്റെ പേരില്‍ മൃതദേഹം അടയ്ക്കാന്‍ സ്ഥലം നല്‍കിയില്ല: യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത് രണ്ടാഴ്ചയിലേറെ


കഴിഞ്ഞ ദിവസമാണ് യുവതിയെ ബസ്സില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ പുറത്തുവന്നത്. നാല് യുവക്കാള്‍ യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും ആര്‍ത്തുചിരിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്യുന്നതെല്ലാം വീഡിയോയിലുണ്ടായിരുന്നു. യുവതിയെ ഇവര്‍ അറബിയില്‍ അസഭ്യം പറയുന്നുമുണ്ടായിരുന്നു. എന്നാല്‍ സഹായത്തിനഭ്യര്‍ത്ഥിച്ച് യുവതി കരയുന്നുണ്ടെങ്കിലും ബസ്സ് ഡ്രൈവറും സഹയാത്രക്കാരും ഉള്‍പ്പെടെ ആരും യുവതിയെ ആരും സഹായിക്കാനായി എത്തിയിരുന്നില്ല.

അതേസമയം വീഡിയോപുറത്ത് വന്നതിന് പിന്നാലെ അക്രമത്തിനിരയായ സ്ത്രീയെ കുറ്റപ്പെടുത്തിക്കൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. യുവതി മാന്യമായ വേഷം ധരിക്കാത്തതുകൊണ്ടാണ് യുവാക്കള്‍ അത്തരത്തില്‍ പെരുമാറിയതെന്നായിരുന്നു ചിലരുടെ ന്യായവാദം. യുവതി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ ദു;ഖമുണ്ടെന്നും എന്നാല്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം യുവതി ധരിക്കേണ്ടിയിരുന്നു എന്നുമാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറ് യുവാക്കളെ അറസ്റ്റ് ചെയ്തതായി മൊറോക്കന്‍ അതോറിറ്റീസ് അറിയിച്ചു. മൊറോകോയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.