മൊറോക്കോ: മൊറോക്കോയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി (പി.ജെ.ഡി)ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു.
പാര്‍ട്ടിയുടെ പിന്തുണ 125 സീറ്റുകളില്‍ നിന്ന് 12 ആയി ചുരുങ്ങി. പാര്‍ട്ടിയുടെ പ്രധാന ലിബറല്‍ എതിരാളികളായ നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്റ്‌സ് (എന്‍.ആര്‍.ഐ), ഒതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി (പി.എ.എം), സെന്‍ട്രല്‍-റൈറ്റ് ഇസ്ഖ് ലാല്‍ പാര്‍ട്ടി തുടങ്ങിയവയെക്കാളും വളരെ പിന്നിലാണ് ജസ്റ്റിസ് ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി. വ്യാഴാഴ്ച രാവിലെയാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
രാജകുടുംബവുമായി അടുത്ത ബന്ധമുള്ള നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്റ്‌സ് 97 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി 82 സീറ്റാണ് നേടിയത്. ഇസ്തിഖ്ലാല്‍ പാര്‍ട്ടിക്ക് 78 സീറ്റും ലഭിച്ചു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ പി.ജെ.ഡിയുടെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കുന്നതിന് അനുകൂലമായ നടപടി സ്വീകരിച്ചതും തിരിച്ചടിയായി.
ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന രേഖയില്‍ ഒപ്പുവെച്ച പ്രധാന മന്ത്രി സഅദുദ്ദീന്‍ അല്‍ ഉഥ്മാനിയുടെ നടപടി പാര്‍ട്ടിയെ വലിയരീതിയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിതമാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കരുതെന്ന നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടി വളരെ പെട്ടെന്നാണ് നിലപാട് മാറ്റിയത്.
2001ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം അറബ് മേഖലയില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ കുതിപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം കരസ്ഥമാക്കാന്‍ ഇസ് ലാമിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈജിപ്തിലും ടൂണേഷ്യയിലും അധികാരത്തിന് പുറത്തായതിന് പിന്നാലെ മൊറോക്കോയിലും ഇസ്‌ലാമിസ്റ്റുകള്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.