മൊറോക്കോ: നിയമവിധേയമായ പ്രവർത്തനങ്ങൾക്ക് കഞ്ചാവ് കൃഷി അനുവദനീയമാക്കി മൊറോക്കോ. ഇതോടെ കഞ്ചാവ് കൃഷി ചെയ്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്ത 4800ഓളം കർഷകർക്ക് മാപ്പ് നൽകാൻ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ തീരുമാനിച്ചു.
ജീവിത സാഹചര്യവും വരുമാനവും മെച്ചപ്പെടുത്തുന്നതിനായി കഞ്ചാവ് കൃഷിയുടെ നിയമപരമായ പ്രക്രിയയിൽ പങ്കാളികളാകാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാപ്പ് നൽകാൻ മൊറോക്കൻ കാനാബീസ് റെഗുലേറ്റർ അൻറാക്ക് തീരുമാനിച്ചത്.
‘കർഷകർക്ക് അവരുടെ കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കാനും നിയമവിധേയമാക്കുന്നതിന്റെ പുതിയ സാധ്യതകൾ അറിയിക്കുന്നതിനുമുള്ള അസാധാരണ സംരംഭമാണിത്,’ കാനബീസ് റെഗുലേറ്റർ അൻറാക്കിന്റെ തലവൻ മുഹമ്മദ് ഗിൽ ഗുറോജ് പറഞ്ഞു.
2021ൽ ഔഷധ, വ്യാവസായിക ആവശ്യങ്ങൾക്ക് കഞ്ചാവ് ചെടി വളർത്തുന്നതിനായി കർഷകർക്ക് പിന്തുണ നൽകി കൊണ്ട് ഒരു നിയമം സർക്കാർ അംഗീകരിച്ചിരുന്നു. നൂറ്റാണ്ടുകളായി കഞ്ചാവ് കൃഷി ചെയ്യുന്ന പ്രദേശമാണ് വടക്കു കിഴക്കൻ റിഫ് മേഖല. കണക്കുകൾ പ്രകാരം കഞ്ചാവ് കൃഷിയിലൂടെ 2019ൽ 8000 നും120000നും ഇടയിൽ കുടുംബങ്ങൾക്ക് ഉപജീവനം നൽകാൻ ഈ കൃഷി സഹായിച്ചിട്ടുണ്ട്.
എന്നാൽ അനധികൃത മയക്കുമരുന്ന് കടത്ത് തടയാനും നിയമം ലക്ഷ്യമിടുന്നുണ്ട്. നിയമ വിരുദ്ധ കഞ്ചാവ് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരെ പുതിയ പദ്ധതിയുമായി സഹകരിക്കാൻ മാപ്പ് സഹായിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
നിയമവിധേയമാക്കുന്നതിലൂടെ നിയമവിരുദ്ധമായ കൃഷി ക്രമേണ ഇല്ലാതാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് രാജാവിന്റെ ഈ തീരുമാനമെന്നും എൽ ഗുറോജ് കൂട്ടിച്ചേർത്തു.
പുതിയ നിയമത്തിന്റെ ഭാഗമായി 2024 ന്റെ തുടക്കത്തിൽ തന്നെ കഞ്ചാവുമായി ബന്ധപ്പെട്ട ലൈസൻസുകളിൽ അതിശയകരമായ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021ലെ നിയമം കഞ്ചാവിന്റെ വിനോദ ഉപയോഗത്തിനുള്ള നിരോധനം ഉയർത്തിയെങ്കിലും യൂറോപ്യൻ യൂണിയൻ ഡ്രഗ്സ് പറയുന്നതനുസരിച്ച് 2024വരെ യൂറോപ്പിലെ അനധികൃത കഞ്ചാവ് വില്പനയിൽ വിപണിയിലെ ഏറ്റവും വലിയ വിതരണക്കാരായി മൊറോക്കോ തുടരുന്നുണ്ട്.
Content Highlight: Morocco legalizes cannabis cultivation for legal purposes