മൊറോക്കന്‍ ചെറുത്തുനില്‍പ്പില്‍ വീഴാതെ ഫ്രാന്‍സ്; ചാമ്പ്യന്മാര്‍ ഫൈനലില്‍
football news
മൊറോക്കന്‍ ചെറുത്തുനില്‍പ്പില്‍ വീഴാതെ ഫ്രാന്‍സ്; ചാമ്പ്യന്മാര്‍ ഫൈനലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th December 2022, 2:24 am

ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം സെമിയില്‍ മൊറോക്കൊയെ മറികടന്ന് ഫ്രാന്‍സ് ഫൈനലില്‍. അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം.

പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റണ്ടാല്‍ കോലോ മുവാനിയുമാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്.

മൊറോക്കന്‍ പ്രതിരോധത്തെ കീഴ്‌പ്പെടുത്തി തിയോ ഹെര്‍ണാണ്ടസാണ് അഞ്ചാം മിനിട്ടില്‍ തന്നെ വല കുലുക്കിയത്. ഈ ലോകകപ്പില്‍ മൊറോക്കന്‍ പോസ്റ്റിലേക്ക് എതിരാളികള്‍ അടിച്ച ആദ്യ ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡക്ക് മൊറോക്കൊക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും, അത് ഓണ്‍ ഗോളായിരുന്നു. 79ാം മിനിട്ടില്‍ റണ്ടാല്‍ കോലോ മുവാനിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് ഉയര്‍ത്തിയത്.

അതേസമയം, സെമി ഫൈനലില്‍ മികച്ച പ്രകടനമാണ് ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി സെമി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ പുറത്തെടുത്ത്. കളിയുടെ ഏകദേശം മുഴുവന്‍ മേഖലയിലും ഏറക്കുറെ മുന്നില്‍ നില്‍ക്കാന്‍ മെറോക്കന്‍ ടീമിനായി.

രണ്ട് മാറ്റങ്ങളുമായി ഫ്രാന്‍സ്

ഫ്രാന്‍സ് 4-2-3-1 ഫോര്‍മാറ്റിലും മൊറോക്കോ 5-4-1 ഫോര്‍മാറ്റിലുമാണ് ആദ്യ പകുതിയില്‍ ടീമിനെയിറക്കിയത്. ഫ്രാന്‍സില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. മൊറോക്കന്‍ പ്രതിരോധ താരം നായിഫ് അഗ്വേര്‍ഡ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ആദ്യ ഇലവന്‍

ടീം മൊറോക്കോ

യാസിന്‍ ബോണോ, അഷ്റഫ് ഹകീമി, അഗ്വേര്‍ഡ്, സായ്‌സ്, മസ്‌റൂഇ, ഔനാഹി, അംറബാത്, അല്‍ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാല്‍.

കോച്ച്: വലീദ് റെഗ്രാഗി

ടിം ഫ്രാന്‍സ്

ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ട, ഹെര്‍ണാണ്ടസ്, ഗ്രീസ്മാന്‍, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്.

കോച്ച്: ദെഷാംപ്സ്.

Content Highlight : morocco france Qatar worlf cup  semi final final updating