| Saturday, 10th December 2022, 10:43 pm

മൊറോക്കന്‍ മിറാക്കിള്‍; ഫിഫ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച് മൊറോക്കോ. ഖത്തര്‍ ലോകകപ്പിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒറ്റ ഗോളിന് കീഴടക്കിയതോടെയാണ് മൊറോക്കോ ഫിഫ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചത്.

ഇതോടെ ഫിഫ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് മറോക്കോ ലോകകപ്പ് കിരീടത്തിനരികിലേക്ക് ഒരു അടി കൂടി വെച്ചിരിക്കുന്നത്.

നേരത്തെ സെനഗല്‍, ഘാന തുടങ്ങിയ ടീമുകള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നെങ്കിലും സെമി കാണാതെ പുറത്താവുകയായിരുന്നു.

പോര്‍ച്ചുഗല്‍ നിരയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡയില്ലാതെയാണ് പോര്‍ച്ചുഗല്‍ കോച്ച് ടീമിനെ വിന്യസിച്ചത്.

ആദ്യ പകുതിയിലെ 42ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. യൂസഫ് എന്‍ നെസ്രിയാണ് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയത്. വൈ.എ. അള്ളായുടെ ലോങ് പാസില്‍ കൃത്യമായി തലവെച്ച നെസ്രിയെ തടുക്കാന്‍ പോര്‍ച്ചുഗലിന്റെ ഗോള്‍കീപ്പര്‍ കോസ്റ്റക്ക് സാധിച്ചില്ല.

ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് റൊണാള്‍ഡോയെ ഇറക്കിയതോടെ ഗോള്‍ മടക്കാന്‍ പോര്‍ച്ചുഗലും കിണഞ്ഞു ശ്രമിച്ചു.

ആദ്യ പകുതിയില്‍ ബോള്‍ കൈവശം വെക്കുന്നതില്‍ പോര്‍ച്ചുഗലാണ് മുന്നിട്ട് നിന്നതെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 66 ശതമാനം ബോള്‍ പൊസെഷന്‍ പോര്‍ച്ചുഗലിനുണ്ടായിട്ടും മൊറോക്കോയുടെ ഇരട്ടി പാസുകള്‍ കംപ്ലീറ്റ് ചെയ്തിട്ടും ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ മാത്രം ടീമിന് സാധിച്ചില്ല.

രണ്ടാം പകുതിയിലും ആധിപത്യം പോര്‍ച്ചുഗലിനായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 74 ശതമാനമായിരുന്നു പറങ്കിപ്പടയുടെ ബോള്‍ പൊസെഷന്‍. എന്നാല്‍ ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ചുമലിലേറ്റാന്‍ മൊറോക്കോക്ക് ബാക്കിയുള്ള 24 ശതമാനം ബോള്‍ പോസെഷന്‍ ധാരാളമായിരുന്നു.

രണ്ടാം പകുതിയില്‍ മൊറോക്കന്‍ ഗോള്‍മുഖത്തേക്ക് നിരന്തരമാക്രമണമഴിച്ചുവിട്ട പോര്‍ച്ചുഗല്‍ ശ്രമങ്ങള്‍ ഒന്നൊന്നായി പാഴായി.

90 മിനിട്ടിന് ശേഷമുള്ള ഇന്‍ജുറി ടൈമില്‍ മൊറോക്കോ സൂപ്പര്‍ താരം ചെദിര റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും ആക്രമിച്ചുകളിക്കാന്‍ തന്നെയായിരുന്നു മൊറോക്കോയുമൊരുങ്ങിയത്.

ഈ വിജയത്തോടെ സെമിയില്‍ പ്രവേശിക്കുന്ന മൂന്നാം ടീമാകാനും മൊറോക്കോക്ക് സാധിച്ചു. ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോക്ക് സെമിയില്‍ നേരിടാനുള്ളത്.

Content highlight: Morocco becomes the first ever African nation to reach FIFA World Cup Semi-Finals

We use cookies to give you the best possible experience. Learn more