| Tuesday, 14th June 2022, 4:36 pm

'ഇത് മുസ്‌ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും ഇസ്‌ലാമിക് ഹിസ്റ്ററിയെ വളച്ചൊടിക്കുന്നതും'; പ്രവാചകന്റെ മകളെക്കുറിച്ചുള്ള സിനിമ നിരോധിച്ച് മൊറോക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റബാത്: വിവാദമായിരിക്കുന്ന ബ്രിട്ടീഷ് ചിത്രം ലേഡി ഓഫ് ഹെവന് (Lady of Heaven) രാജ്യത്ത് പ്രദര്‍ശനം നിരോധിച്ച് മൊറോക്കോ. പ്രവാചകന്‍ മുഹമ്മദിന്റെ മകള്‍ ഫാത്തിമയെക്കുറിച്ച് പറയുന്ന സിനിമ ഇതിനോടകം വലിയ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.

”ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ പറഞ്ഞിട്ടുള്ള വസ്തുതകളെ കൃത്രിമമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും ചിത്രീകരിക്കുന്നതാണ് ഈ സിനിമ”, എന്ന് പറഞ്ഞുകൊണ്ടാണ് പ്രദര്‍ശനം നിഷേധിച്ചിരിക്കുന്നത്.

”മുസ്‌ലിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒരു ഹീനമായ പ്രവര്‍ത്തിയാണിത്,” എന്നായിരുന്നു മുസ്‌ലിം ഭൂരിപക്ഷ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഉയര്‍ന്ന മത അതോറിറ്റിയായ സുപ്രീം ഉലമ കൗണ്‍സില്‍ സിനിമയെക്കുറിച്ച് പ്രതികരിച്ചത്.

പ്രവാചകന്റെ സുഹൃത്തും പിന്തുടര്‍ച്ചക്കാരനുമായിരുന്ന അബൂബക്കറിനെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ സിനിമയില്‍ പറയുന്നതായും സുപ്രീം ഉലമ കൗണ്‍സില്‍ പറഞ്ഞു.

”ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ക്ക് പ്രശസ്തിയും സെന്‍സേഷനലിസവും അവരുടെ സിനിമയുടെ പ്രൊമോഷനും കൂടുതല്‍ കാഴ്ചക്കാരെയുമാണ് വേണ്ടത്. അത് മുസ്‌ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയും മതപരമായ സെന്‍സിറ്റിവിറ്റി ഉണര്‍ത്തിയുമാണ് അവര്‍ ചെയ്യുന്നത്,” ഉലമ കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

മൊറോക്കോയുടെ ജനസംഖ്യയുടെ 99 ശതമാനവും സുന്നി മുസ്‌ലിങ്ങളാണ്.

ജൂണ്‍ മൂന്നിനായിരുന്നു ലേഡി ഓഫ് ഹെവന്‍ ബ്രിട്ടനില്‍ റിലീസ് ചെയ്തത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖില്‍ അധിനിവേശം നടത്തിയത് പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് അനാഥയായ ഒരു ഇറാഖി പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഫാത്തിമയുടെ ജീവിതത്തില്‍ നടന്നതെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് സിനിമയില്‍ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ഈജിപ്ത്, പാകിസ്ഥാന്‍, ഇറാഖ്, ഇറാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ സിനിമയെ ഇതിനോടകം തള്ളിപ്പറഞ്ഞിട്ടുണ്ട്.

ബ്രിട്ടനിലെ മുസ്‌ലിങ്ങള്‍ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യത്തെ ഒരു  ‘യു.കെ സിനിമാ ചെയ്ന്‍’ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനവും റദ്ദാക്കിയിരുന്നു.

സിനിമയുടെ നിരോധനങ്ങളെയും സിനിമക്കെതിരായ പ്രതിഷേധങ്ങളെയും പിന്തുണച്ചതിന്റെ പേരില്‍, സര്‍ക്കാര്‍ അഡ്‌വൈസറായി പ്രവര്‍ത്തിച്ചിരുന്നു ഒരു ഇമാമിനെ ബ്രിട്ടിഷ് ഗവണ്‍മെന്റ് പിരിച്ചുവിട്ടിരുന്നു.

Content Highlight: Morocco bans controversial British film Lady of Heaven, about Prophet Muhammad’s daughter Fathima

We use cookies to give you the best possible experience. Learn more