| Sunday, 27th November 2022, 10:09 pm

ഈ ലോകകപ്പിലെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ഗോള്‍; പത്ത് വീതം ഗോള്‍ ശ്രമങ്ങളുമായി ഇരു ടീമുകളും; കേവല അട്ടിമറിയല്ല മൊറോക്കന്‍ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറി സംഭവിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എഫിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ അഫ്രിക്കന്‍ രാജ്യമായ മൊറോക്കോ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ കാനഡക്കെതിരെ ഒരു ഗോളിന്റെ വിജയം നേടിയെടുക്കാന്‍ ബെല്‍ജിയത്തിനായിരുന്നു.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മത്സരത്തിന് ബെല്‍ജിയം ഇറങ്ങിയിരുന്നത്. എന്നാല്‍ ലോക രണ്ടാം റാങ്കുകാരെ പോയിന്റ് ടേബിളില്‍ നിന്ന് വലിച്ച് താഴെയിട്ട് മൊറോക്കോ ഒന്നാമതെത്തിയിരിക്കുകയാണ്.

വലിയ ടീമിനെ ചെറിയ ടീം പരാജയപ്പെടുത്തി എന്നതിനപ്പുറത്തേക്ക് തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രതീതിയായിരുന്നു മത്സരത്തിലുടനീളമുണ്ടായത്. ഗോളിന് വേണ്ടി പത്ത് വീതം ശ്രമങ്ങളാണ് ഇരു ടീമുകളും നടത്തിയത്. മത്സരത്തിലുടനീളം ബെല്‍ജിയം ഗോള്‍ മുഖത്തെ വിറപ്പിക്കാന്‍ മൊറോക്കോക്ക് സാധിച്ചു. സമാനമായ ആക്രമണങ്ങള്‍ ബെല്‍ജിയവും നടത്തിയെങ്കിലും ഫലം കണ്ടില്ല.

പകരക്കാരായി ഗ്രൗണ്ടിലിറങ്ങിയ അബ്ദുല്‍ ഹമീദ് സാബിരിയും സകരിയ്യ അബൂഖ്ലാലുമാണ് മൊറോക്കോകായി ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു ആദ്യ ഗോള്‍. 73ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ഫൗളില്‍നിന്ന് കിട്ടിയ ഫ്രീകിക്കെടുത്ത അബ്ദുല്‍ ഹമീദ് സാബിരി ബോക്സിന്റെ വലതു കോര്‍ണറില്‍നിന്ന് ബെല്‍ജിയം പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കുകയാരുന്നു. ഈ ലോകകപ്പിലെ ആദ്യത്തെ ഡയറക്ട് ഫ്രീകിക്ക് ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ ഇഞ്ച്വറി സമയത്തായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. സബ്റ്റിസ്റ്റ്യൂട്ടായി ഇറങ്ങിയ സകരിയ്യ അബൂഖ്ലാലിന്റെ അതിമനോഹരമായ വലങ്കാലന്‍ ഷോട്ട് വീണ്ടും ബെല്‍ജിയം വല കുലുക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ മൊറോക്കോ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു. ഡിസംബര്‍ ഒന്നിന് കാനഡയുമായിയാണ് മൊറോക്കയുടെ അടുത്ത മത്സരം.

CONTENT HIGHLIGHT: Moroccan victory against Belgiim  was not a mere coup, First direct free kick goal of this World Cup

We use cookies to give you the best possible experience. Learn more