ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ഖത്തര്‍ ലോകപ്പിന്റെ സെമി ലൈനപ്പും തയ്യാറായിരിക്കുകയാണ്.
ഇതോടെ രണ്ട് സെമിയും ലൂസേഴ്സ് ഫൈനലും, ഫൈനലും അടക്കം ഇനി നാല് കളികള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്.
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊയെയാണ് സെമിയില്‍ നേരിടുക.
ഇതിനിടയില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മൊറോക്കൊന്‍ താരം അഷ്‌റഫ് ഹക്കീമിയും തമ്മിലുള്ള സംഭാഷണമാണ് ട്വിറ്ററില്‍ ശ്രദ്ധനേടുന്നത്.
പി.എസ്.ജിയില്‍ അഷ്‌റഫ് ഹക്കീമിയുടെ സഹതാരം കൂടിയാണ് എംബാപ്പെ.
സെമിയില്‍ മൊറൊക്കൊയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമെന്ന് ഉറപ്പായതോടെ
‘ഉടനെ നമുക്ക് കാണാം പ്രിയ സുഹൃത്തെ’ എന്നാണ് എംബാപ്പെയെ ടാഗ് ചെയ്ത് ഹക്കീമി ട്വീറ്റ് ചെയ്തത്.
നേരത്തെ ഖത്തറില്‍ നിന്ന് തന്നെയുള്ള അഷ്‌റഫ് ഹക്കീമിക്കൊപ്പമുള്ള ചിത്രം എംബാപ്പെയും പങ്കുവെച്ചിരുന്നു. മൊറോക്കൊ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോഴും ഹക്കീമിയെ അഭിനന്ദിച്ച് എംബാപ്പെ രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ 15ന് ഇന്ത്യന്‍ സമയം 12:30നാണ് ഫ്രാന്‍സും മൊറോക്കൊയും തമ്മിലുള്ള രണ്ടാം സെമി. ഒന്നാം സെമിയില്‍ അര്‍ജന്റീനക്ക് ക്രൊയേഷ്യയാണ് എതിരാളി.
അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഫ്രാന്‍സ് സെമിയിലെത്തിയത്. 2-1നാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ വിജയം.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ മൊറോക്കൊ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കൊന്‍ വിജയം.
Content Highlight: moroccan footballer ashraf hakeemi’s tweet to Mbappe as France secure semi-finals