| Wednesday, 14th December 2022, 12:31 pm

ഞങ്ങള്‍ക്ക് ഫൈനലിലെത്തണം, ലോകകപ്പ് നേടണം; ജയിക്കാന്‍ എന്ത് ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്: മൊറോക്കന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിനാണ് കളമൊരുങ്ങുന്നത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചെത്തിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സും പോര്‍ച്ചുഗലിനെ തകര്‍ത്തെത്തിയ ആഫ്രിക്കന്‍ കരുത്തര്‍ മൊറോക്കോയുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്നത്.

ടൂര്‍ണമെന്റിലെ അള്‍ട്ടിമേറ്റ് സര്‍പ്രൈസായിരുന്നു മൊറോക്കോ. അധികരമാര്‍ക്കും തന്നെ ഒരു പ്രതീക്ഷയുമില്ലാത്ത ടീം ലോകകപ്പിന്റെ സെമിയില്‍ വരെയെത്തിയിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ലോകം മൊറോക്കോക്ക് കല്‍പിക്കുന്ന സാധ്യതകളുമേറെയാണ്.

തങ്ങള്‍ സെമിയില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തുമെന്നും ഫൈനല്‍ ജയിച്ച് ചാമ്പ്യന്‍മാരാകുമെന്നുമുള്ള തികഞ്ഞ ആത്മവിശ്വാസമാണ് അറ്റ്‌ലസ് ലയണ്‍സ് വെച്ചുപുലര്‍ത്തുന്നത്.

ലെസ് ബ്ലൂസിനെതിരെ തങ്ങള്‍ ജയിക്കുമെന്നും ഫൈനല്‍ ജയിച്ച് കപ്പുയര്‍ത്തുമെന്നുമാണ് മൊറോക്കന്‍ കോച്ച് വാലിദ് റെഗഗൂയി പറയുന്നത്. സെമിക്ക് മുമ്പ് നടന്ന പത്രസമ്മേളനത്തിലായിരുന്നു വാലിദ് ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ക്ക് ഫൈനലിലെത്തുകയും ജയിക്കുയും വേണം. ആ നേട്ടം സ്വന്തമാക്കാന്‍ എന്തുതന്നെ ചെയ്യാനും ഞങ്ങളൊരുക്കമാണ്. നാളെ അസാധാരണമായ എനര്‍ജിയാകും ഞങ്ങള്‍ക്കുണ്ടാകുക.

സെമി ഫൈനലിലെത്തിയതില്‍ ഞങ്ങല്‍ സംതൃപ്തരാണെന്ന് പറയുന്നത് ഒരിക്കലും ഞങ്ങളെ സംബന്ധിച്ച ചേരുന്ന ഒന്നല്ല. വിജയിക്കാനുള്ള ഞങ്ങളുടെ ഏക അവസരമാണിത്. ഞങ്ങള്‍ ഒട്ടും തളര്‍ന്നിട്ടില്ല, ഞങ്ങള്‍ കുതിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്,’ വാലിദ് പറഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ചതിന് പിന്നാലെ ഫിഫ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ രാജ്യമായി ചരിത്രം സൃഷ്ടിക്കാനും മൊറോക്കോക്ക് സാധിച്ചിരുന്നു. നേരത്തെ ഘാന, കാമറൂണ്‍, സെനഗല്‍ തുടങ്ങിയ ടീമുകളെല്ലാം ക്വാര്‍ട്ടര്‍ വരെയത്തിയെങ്കിലും അവര്‍ക്കൊന്നും തന്നെ ആ കടമ്പ മറികടക്കാന്‍ സാധിച്ചിരുന്നില്ല.

ഈ ലോകകപ്പില്‍ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് മൊറോക്കോ സെമിയിലെത്തിയിരിക്കുന്നത്. ആകെ വഴങ്ങിയത് കാനഡക്കെതിരായ മത്സരത്തില്‍ ഒരേയൊരു ഗോളാണ്, അതും സെല്‍ഫ് ഗോള്‍.

എന്നാല്‍, മൊറോക്കോയെ സംബന്ധിച്ച് ഏറ്റവും വലിയ പരീക്ഷണമാണ് ഇനി മുമ്പിലുള്ളത്. ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികളാണ് മൊറോക്കോക്കും ഫൈനലിനും ഇടയില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നത്.

കിരീടം നിലനിര്‍ത്താനെത്തിയ ഫ്രാന്‍സിനെ തോല്‍പിക്കല്‍ മൊറോക്കോക്ക് എളുപ്പമാകില്ല. അതുപോലെ തന്നെ അറ്റലസ് ലയണ്‍സിന്റെ പോരാട്ടവീര്യത്തെ മറികടക്കാന്‍ ഫ്രാന്‍സിനും എളുപ്പം സാധിക്കില്ല. കാര്യങ്ങളിങ്ങനെയാകുമ്പോള്‍ രണ്ടാം സെമിയില്‍ തീ പാറുമെന്നുറപ്പാണ്.

Content highlight: Moroccan coach about semi final

We use cookies to give you the best possible experience. Learn more