ഖത്തർ ലോകകപ്പിൽ അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയ ടീമുകളിലൊന്നായിരുന്ന മൊറോക്കോ. വമ്പൻ ടീമുകളെ പരാജയപ്പെടുത്തി മൊറോക്കോ സെമി ഫൈനൽ വരെ എത്തിയെങ്കിലും ഫ്രാൻസിനെതിരെ നടന്ന ഏറ്റുമുട്ടലിൽ തോൽവി വഴങ്ങുകയായിരുന്നു.
ലൂസേഴ്സ് ഫൈനലിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി പോരാടിയ മൊറോക്കോക്ക് ക്രൊയേഷ്യയുടെ മുന്നിലും കാലിടറി. ഖത്തർ ലോകകപ്പിൽ ശ്രദ്ധേയരായ പരിശീലകന്മാരിലൊരാളാണ് രണ്ടു മാസം മുൻപ് മാത്രം മൊറോക്കോ ടീമിന്റെ ചുമതല ഏറ്റെടുത്ത വാലിദ് റെഗ്രാഗി. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ തന്നെയാണ് ലോകകപ്പിൽ മൊറോക്കോ ടീമിന്റെ മികച്ച കുതിപ്പിന് പിന്നിലെ ചാലകശക്തിയായി പ്രവർത്തിച്ചത്.
എന്നാൽ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ ബ്രസീൽ കോച്ച് ടിറ്റെക്ക് പകരക്കാരനായി വാലിദിനെ ക്ഷണിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വാലിദ്.
ബ്രസീലിലേക്ക് തന്നെ ക്ഷണിച്ചെന്ന വാർത്ത വ്യാജമാണെന്നും ഇനി അഥവാ ക്ഷണം ലഭിച്ചാൽ തന്നെ താൻ എങ്ങോട്ടും പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മൊറോക്കോ ടീമിനൊപ്പം തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ലോകകപ്പിന് ശേഷം ബ്രസീലിൽ നിന്ന് യാതൊരു ഓഫറും വന്നിട്ടില്ല. റോയൽ മൊറോക്കൻ ഫുട്ബോൾ അസോസിയേഷനുമായുള്ള എന്റെ കരാറിനെ ബഹുമാനിച്ച് ഞാൻ മറ്റുള്ള ഓഫറുകളൊന്നും പരിഗണിക്കുന്നില്ല.
ഒരു ടോപ് ലെവൽ യൂറോപ്യൻ ക്ലബ്ബിനെ പരിശീലിപ്പിച്ച് മൊറോക്കോയിലെ ജനങ്ങളെ സന്തോഷിപ്പിക്കണം എന്നാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം,” അദ്ദേഹം പറഞ്ഞു.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ അടുത്ത ലക്ഷ്യ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടമാണെന്നും വാലിദ് കൂട്ടിച്ചേർത്തു.
2004ൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനക്കാരായ മൊറോക്കോ ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2014ലാണ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. പരിശീലകനെന്ന നിലയിൽ രണ്ട് മൊറോക്കൻ ലീഗും ഒരു ഖത്തർ ലീഗും നേടാൻ വാലിദിന് കഴിഞ്ഞിട്ടുണ്ട്.
ആഫ്രിക്കയിൽ നിന്നും ആദ്യമായി ലോകകപ്പ് സെമിയിൽ കടക്കുന്ന രാജ്യം കൂടിയാണ് മൊറോക്കോ.
Content Highlights: Morocacn coach Walid Regragui against rumors