മുംബൈ: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ കരുത്തേകാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈല്‍ നശീകരണ കപ്പലായ “മോര്‍മുഗാവോ” നീറ്റിലിറക്കി.
ലോകത്തിലെ ഏറ്റവും മികച്ച യുദ്ധക്കപ്പലുകളിലൊന്നാണ് “മോര്‍മുഗാവോ” എന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ മുംബൈയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ലാന്‍ബയുടെ ഭാര്യ റീനയാണ് കപ്പല്‍ നീറ്റിലിറക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മാസ്‌ഗോണ്‍ ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് (എം.ഡി.എല്‍) മോര്‍മുഗാവോ നിര്‍മിച്ചത്. പ്രോജക്ട് 15 ബിയുടെ ഭാഗമായി നിര്‍മ്മിച്ച മോര്‍മുഗാവോ, വിശാഖപട്ടണം ക്ലാസില്‍പ്പെടുന്ന കപ്പലാണ്.
ബാരക് 8 ദീര്‍ഘദൂര മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പലിന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്ഥാനമായ ഗോവയിലെ മോര്‍മുഗാവോ തുറമുഖത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
7300 ടണ്‍ ഭാരമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ഭൂതല-ഭൂതല മിസൈലുകളും ഭൂതല-വായു മിസൈലുകളും കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. അന്തര്‍വാഹിനികളെ പ്രതിരോധിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകളും കപ്പലിലുണ്ട്. ഇതുകൂടാതെ അന്തര്‍വാഹിനികളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയ രണ്ട് ഹെലികോപ്റ്ററുകളും കപ്പലിന് വഹിക്കാനാകും.
മോര്‍മുഗാവോ നീറ്റിലിറക്കിയെങ്കിലും കപ്പല്‍ നാവികസേനയുടെ ഭാഗമാകാന്‍ രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും. ഇന്ത്യന്‍ നാവികസേന അനുശാസിക്കുന്ന വിവിധ പരിശോധനകള്‍ക്കുശേഷമേ മോര്‍മുഗാവോ നാവികസേനയുടെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെടൂ. നാവികസേനയുടെ ഭാഗമാകുന്നതോടെ ഐ.എന്‍.എസ് മോര്‍മുഗാവോ എന്നായിരിക്കും ഈ മിസൈല്‍ നശീകരണ കപ്പല്‍ അറിയപ്പെടുക.
2020-2024 കാലഘട്ടത്തില്‍ നാല് മിസൈല്‍ നശീകരണ കപ്പലുകള്‍ കൂടി മാസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡ് നിര്‍മിച്ച് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണം ക്ലാസില്‍പ്പെടുന്ന ആദ്യ കപ്പല്‍ 2015 ഏപ്രില്‍ 20നാണ് നീറ്റിലിറക്കിയത്.
ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് ചെന്നൈ, ഐ.എന്‍.എസ് വിശാഖപട്ടണം, ഐ.എന്‍.എസ് കൊല്‍ക്കത്ത എന്നിവയാണ് ക്ലാസ് ഡിസ്‌ട്രോയര്‍ വിഭാഗത്തില്‍പ്പെട്ട ഇന്ത്യയുടെ മറ്റു യുദ്ധക്കപ്പലുകള്‍.