കോഴിക്കോട്: വടകര സഹകരണ ആശുപത്രിയുടെ ചര്‍മ രോഗ പരസ്യത്തില്‍ അമേരിക്കന്‍ ചലച്ചിത്രനടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍ വച്ച കട്ടൗട്ട് ബോര്‍ഡിലാണ് ചര്‍മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമന്‍ പ്രത്യക്ഷപ്പെട്ടത്.
ഇതിനെതിരെ സൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മോര്‍ഗന്‍ ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.
മോര്‍ഗന്‍ ഫ്രീമന്‍ ലോക സിനിമാ മേഖലക്ക് ചെയ്ത സംഭാവനകള്‍ ഓര്‍മപ്പെടുത്തിയാണ് എഴുത്തുകാരി ശ്രീ പാര്‍വതി ഇതിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ആശുപത്രി തന്നെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്.
‘മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം വച്ച ഫ്‌ലെക്‌സ് ആശുപത്രി അധികൃതര്‍ എടുത്തു മാറ്റി എന്നറിയുന്നു. സന്തോഷം. സത്യമാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ആ ചിത്രം വച്ച് ചര്മ രോഗത്തിന് പ്രതിവിധി എന്നൊക്കെ കാണുമ്പോള്‍ വിഷമവും മാനസിക പ്രയാസവും തോന്നുന്നത്. അല്ലാത്തവര്‍ക്ക് അത് ഹെയര്‍ സലൂണില്‍ ഡീ കാപ്രിയോയുടെ പടം വയ്ക്കുന്നത് പോലെയേ ഉള്ളൂ.
അല്ലെങ്കില്‍ പരസ്യത്തിന് ഏതെങ്കിലും സെലിബ്രിട്ടീസിന്റെ ചിത്രം ഗൂഗിളില്‍ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയര്‍ സലൂണിലും മോര്‍ഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്‌നങ്ങള്‍ മാറാനും വച്ചിട്ടുണ്ട്‌നെകില്‍ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്,’ എഴുത്തുകാരി ശ്രീ പാര്‍വതി മറ്റൊരു പോസ്റ്റില്‍ എഴുതി.