'അവർ എന്നെ നഗ്നനാക്കി വണ്ടിക്ക് മുകളിലേക്കെറിഞ്ഞു'; ഇസ്രഈൽ മനുഷ്യ കവചമാക്കിയതിന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ് ഫലസ്തീൻ യുവാക്കൾ
Worldnews
'അവർ എന്നെ നഗ്നനാക്കി വണ്ടിക്ക് മുകളിലേക്കെറിഞ്ഞു'; ഇസ്രഈൽ മനുഷ്യ കവചമാക്കിയതിന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ് ഫലസ്തീൻ യുവാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2024, 1:18 pm

ഗസ: ഇസ്രഈൽ സൈനികർ തങ്ങളെ മനുഷ്യ കവചമാക്കിയതിന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ് ഫലസ്തീൻ യുവാക്കൾ. സമീർ ദബായ, ഹെഷാം ഇസ്‌ലീറ്റ് എന്ന യുവാക്കളാണ് സൈന്യം ക്രൂരമായി വേട്ടയാടിയതിന്റെ അനുഭവം ബി.ബി.സിയോട് പങ്കുവെച്ചത്.

‘ഇസ്രഈൽ സൈന്യത്തിന്റെ ജബരിയ ഓപ്പറേഷനിൽ ഞാൻ നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. എനിക്ക് പിന്നിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ് വീണ് ചോര വാർന്നു കിടക്കുകയായിരുന്നു ഞാൻ. ജീവനുണ്ടെന്ന് കണ്ടതും അവർ അടുത്തേക്ക് വന്നു.

എന്റെ ശരീരം അവർ പരിശോധിച്ചു. പിന്നീട് അവർ എന്നെ ജീപ്പിന് മുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ എന്റെ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. സഹിക്കാവുന്നതിനും അപ്പുറമുള്ള വേദനയായിരുന്നു എനിക്ക്. അവർ എന്റെ മുഖത്തു ശക്തിയായി തട്ടുകയും, പിന്നാലെ വണ്ടി അതിവേഗം മുന്നോട്ടെടുക്കുകയുമായിരുന്നു,’ സമീർ ദബായ പറഞ്ഞു.

23 കാരനായ മുജാഹിദ് അബാദി ബാലസ് എന്ന യുവാവ് ഇസ്രഈൽ ജീപ്പിന്റെ ബോണറ്റിൽ കെട്ടി വെച്ച് മനുഷ്യ കവചമാക്കിയതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വലിയ രോഷമായിരുന്നു ഇതിനെ തുടർന്ന് ലോകരാജ്യങ്ങളിൽ നിന്നുമുയർന്നത്. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ദബായ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തി. സമാനമായ രീതിയിൽ തന്നെയാണ് മറ്റൊരു ഫലസ്തീൻ യുവാവായ ഹെഷാം ഇസ്‌ലീറ്റിനേയും ഇസ്രഈൽ സേന ക്രൂരമായ അക്രമങ്ങൾക്ക് വിധേയമാക്കിയത്.

‘എല്ലാ ഭാഗത്ത് നിന്നും ഞങ്ങൾക്കെതിരെ വെടിയുതിർത്തു. വെടിയേറ്റ് വീണ ഞങ്ങളോട് അവർ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. വസ്ത്രം അഴിച്ചു മാറ്റുകയും കാറിന്റെ ബോണറ്റിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ബോണറ്റ് വലിയ ചൂടിലായിരുന്നു. വണ്ടിക്ക് മുകളിൽ കയറാൻ കഴിയാതിരുന്ന എനിക്ക് നേരെ അവർ ആക്രോശിക്കുകയും കേറാൻ നിരബന്ധിക്കുകയുമായിരുന്നു,’ ഹെഷാം ഇസ്‌ലീറ്റ് പറഞ്ഞു.

ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ അഴിച്ചു വിടുന്ന ക്രൂരമായ ആക്രമണങ്ങളുടെ വലിയൊരുദാഹരണമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ റിപ്പോർട്ടുകൾ. ഇസ്രഈൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഫലസ്തീനികളുടെ എണ്ണം നിരവധിയാണ്. ഇതുവരെ 38000 ത്തിലധികം ഫലസ്തീനികൾ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Content Highlight: More wounded Palestinians tell BBC the Israeli army forced them on to jeep