കോഴിക്കോട്: ആണധികാരത്തെ തകര്‍ക്കാന്‍ ഡബ്ല്യൂ.സി.സി പോലുള്ള പെണ്ണിടങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് പ്രശസ്ത ഗായിക സയനോര ഫിലിപ്പ്. മനുഷ്യരല്ലാത്തവരുടെ കൂടെ ഇനി ജോലി ചെയ്യാന്‍ വയ്യ എന്നു കരുതി സിനിമയില്‍ നിന്നും മാറിനില്‍ക്കാനുദ്ദേശിച്ച ഘട്ടത്തിലാണ് ഡബ്ല്യു.സി.സി എന്ന കൂട്ടായ്മ ഉണ്ടാകുന്നതെന്നും താനതില്‍ ഭാഗമാകുന്നതെന്നും സയനോര കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പറഞ്ഞു. പെണ്ണീണങ്ങള്‍ എന്ന സെഷനില്‍ രശ്മി സതീഷ്, സി.എസ് മീനാക്ഷി എന്നിവരോടൊപ്പം സംവദിക്കുകയായിരുന്നു സയനോര
ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ സിനിമയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും സയനോര പറഞ്ഞു. “സംഗീതത്തിന് ഫിലിം ഫീല്‍ഡില്‍ മാത്രമേ വളര്‍ച്ചയുള്ളൂ എന്നില്ല. പൈസ മാത്രമല്ലല്ലോ ആളുകള്‍ക്ക് വേണ്ടത്, മനുഷ്യരല്ലാത്തവരുടെ കൂടെ ജോലി ചെയ്യുന്നതില്‍ കാര്യമില്ല. ഈ സമയത്താണ് ഡബ്ല്യു.സി.സി എന്ന സംഘടന രൂപപ്പെടുന്നത്. സിനിമാ മേഖലയിലെ വലിയ വലിയ ആളുകള്‍ മിണ്ടാതിരിക്കുകയാണ്. അവര്‍ എന്തിനാണ് പേടിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നത്. കലാകാരന്മാര്‍ക്ക് എന്തിനാണ് പേടി. ഡബ്ല്യു.സി.സി ഒരു റവല്യൂഷന്റെ വലിയൊരു തുടക്കമാണെന്നാണ് വിശ്വസിക്കുന്നത്”- സയനോര പറഞ്ഞു.
ചെറിയ പ്രായത്തില്‍ തന്നെ തങ്ങള്‍ക്ക് വര്‍ണ്ണവിവേചനം നേരിടേണ്ടി വന്നതായും രശ്മിയും സയനോരയും സാക്ഷ്യപ്പെടുത്തുന്നു. തൊലിയുടെ നിറത്തിന്റെ പേരില്‍ തനിക്ക് വീട്ടില്‍ നിന്നു തന്നെ വിവേചനം നേരിടേണ്ടി വന്നതായി രശ്മി പറയുന്നു.
“ഞാന്‍ അച്ചനെപോലെ കറുത്തിട്ടാണ്. അനിയത്തി അമ്മയെ പോലെ വെളുത്തിട്ടും. ചെറുപ്പത്തില്‍ എന്നോട് പറഞ്ഞിരുന്നത് എന്നെ എവിടെ നിന്നോ വാങ്ങിയതാണെന്നാണ്. ഒരു കുട്ടിയെയും ഇത്തരം അരക്ഷിതാവസ്ഥയില്‍ വളര്‍ത്തരുത്. അത് ജീവിതാവസാനം വരെ അവരെ വേട്ടയാടികൊണ്ടിരിക്കും”- രശ്മി പറഞ്ഞു. തനിക്ക് അഞ്ചാം ക്ലാസ്സില്‍ വെച്ചു തന്നെ നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് സയനോരയും സാക്ഷ്യപ്പെടുത്തുന്നു.
സംഗീതത്തെക്കാള്‍ മാര്‍ക്കെറ്റിങ്ങിനാണ് പ്രാധാന്യം നല്‍കുന്നതെന്നും, സംഗീത മേഖലയിലും കൃത്യമായ വര്‍ണ്ണവിവേചനം നടക്കുന്നുണ്ടെന്ന് രശ്മി പറയുന്നു. പാടാന്‍ ഉള്ള കഴിവ് മാത്രമല്ല, ബ്യൂട്ടി എന്ന ഘടകം എങ്ങനെ മാര്‍ക്കറ്റ് ചെയ്യുന്നു എന്നതും സുപ്രധാനമാണ്. ഇപ്പോഴും നിറത്തിന്റെ പേരില്‍ വളരെ കൃത്യമായ വേര്‍തിരിവ് ഉണ്ട്. ഈ നിറം വിറ്റ് പോകും, ഈ നിറം വിറ്റ് പോകില്ല എന്ന ഒരു രീതിയുണ്ട്. രശ്മി പറഞ്ഞു.
പിന്നെ അഭിപ്രയവും നിലപാടുകളും തുറന്ന് പറയുന്നവരെ അത് ആണായാലും പെണ്ണായാലും മാറ്റി നിര്‍ത്തലുകള്‍ സാധാരണമാണെന്നും രശ്മി പറഞ്ഞു.