| Wednesday, 18th September 2024, 9:07 pm

ലെബനനില്‍ വീണ്ടും സ്ഫോടനങ്ങൾ; പേജറുകൾക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ലെബനനിലെ വിവിധ പ്രദേശങ്ങളിലായി കൂടുതല്‍ വൈറലസ് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമായി തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ലെബനീസ് സ്റ്റേറ്റ് മീഡിയയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

12 പേർ മരിക്കുകയും രണ്ടായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത പേജര്‍ സ്ഫോടനത്തിന് പിന്നാലെയാണ് രാജ്യത്ത് കൂടുതല്‍ പൊട്ടിത്തെറികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തുകൂടരുതെന്നും മെഡിക്കല്‍ സംഘത്തിന് സ്ഥലത്തെത്തുന്നതില്‍ പ്രതിസന്ധികള്‍ ഉണ്ടാകരുതെന്നും ആര്‍മി കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ലെബനീസ് സൈന്യം അറിയിച്ചു. ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹിസ്ബുള്ളയുടെ കൈവശമുണ്ടായിരുന്ന വാക്കിടോക്കികളും പൊട്ടിത്തെറിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും 300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് ലെബനനിലുടനീളവും സിറിയയുടെ ചില ഭാഗങ്ങളിലും ആശയവിനിമയ ഉപകരണമായ പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്താണ് സ്ഫോടനം നടത്തിയതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ ലെബനനിലെഇറാന്‍ സ്ഥാനപതി മുജ്തബ അമാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ നിലവില്‍ സിറിയയിലെയും ഇറാനിലെയും ആശുപത്രികളിലായി ചികിത്സയിലാണ്.

ഇസ്രഈലുമായുള്ള ഒരു വര്‍ഷത്തിലേറെയായി നിണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുരക്ഷ വീഴ്ചയാണ് ഇന്നലെ ഉണ്ടായതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഹിസ്ബുള്ള അംഗത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ലെബനനിലെ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രഈലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേജറുകളുടെ ഒരു ബാച്ചിനുള്ളില്‍ ഇസ്രഈല്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മൊസാദും ഇസ്രഈലും ചേര്‍ന്ന് നടത്തിയ സംയുക്തക്രമണമാണ് ലെബനനിലേതെന്ന് സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു. 3000 പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചതെന്നും ഇതിന് കാരണമായത് മൊസാദ് അയച്ച ഏതാനും കോഡുകളാണെന്നും വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സും ചൂണ്ടിക്കാട്ടുകയുണ്ടായി.

രാജ്യത്തുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്രഈലാണെന്ന് ലെബനനും ഹിസ്ബുള്ളയും പറഞ്ഞിരുന്നു. തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളയുടെ പേരിലുള്ള പേജറുകള്‍ പൊട്ടിത്തെറിച്ചാണ് ലെബനനില്‍ സ്ഫോടനമുണ്ടായത്. നുഴഞ്ഞുകയറ്റങ്ങള്‍ ഒഴിവാക്കുന്നതിനായി ഹിസ്ബുള്ള ഹൈടെക് ഉപകരണങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 5000 പേജറുകള്‍ ഹിസ്ബുള്ള വാങ്ങുകയും ചെയ്തു. ഇത് രാജ്യത്ത് എത്തുന്നതിന് മുന്നോടിയായി അട്ടിമറി നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Content Highlight: More viral devices are reported to have exploded in different areas of Lebanon

We use cookies to give you the best possible experience. Learn more