അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തിയ ഗോള്‍ഡ് റിലീസ് ചെയ്തിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു അല്‍ഫോണ്‍സ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും വന്‍വിജയമാക്കിയ സംവിധായകന്റെ മൂന്നാമത്തെ ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികണ്ടത്.
എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. അല്‍ഫോണ്‍സ് മാജിക് പ്രതീക്ഷിച്ച് പോയ പ്രേക്ഷകരെ സ്വീകരിച്ചത് പാളിപ്പോയ തിരക്കഥയും സംവിധാനവുമായിരുന്നു. കഥാപാത്രങ്ങളുടെ ബാഹുല്യമാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്ന മറ്റൊരു കാര്യം. ആവശ്യത്തിനും അനാവശ്യത്തിനുമായി നിരവധി താരങ്ങളാണ് ചിത്രത്തില്‍ കടന്നുപോകുന്നത്.
ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ കഥാപാത്രങ്ങളുടെ ബാഹുല്യം പ്രേക്ഷകര്‍ എടുത്ത് പറഞ്ഞിരുന്നു. എങ്കിലും അല്‍ഫോണ്‍സിലുള്ള വിശ്വസം കൊണ്ട് അന്ന് ഒരു കുറവായിട്ടായിരുന്നില്ല ഇക്കാര്യം പ്രേക്ഷകര്‍ പറഞ്ഞത്. പകരം പൃഥ്വിരാജും നയന്‍താരയും ഷമ്മി തിലകനും ലാലു അലക്‌സും ബാബുരാജുമെല്ലാം ഒന്നിക്കുമ്പോള്‍ ഒരു ദൃശ്യവിരുന്ന് തന്നെ ലഭിക്കുമെന്ന് പ്രേക്ഷകര്‍ വിചാരിച്ചു.
പക്ഷേ സിനിമ കണ്ട പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തിനായിരുന്നു ഇത്രയും കഥാപാത്രങ്ങള്‍ വന്നതെന്നാണ്. കഥയുമായി ഒരു ബന്ധവുമില്ലാതെ ചില അഭിനേതാക്കള്‍ ചിത്രത്തിലെത്തുന്നുണ്ട്. പലരും ഒറ്റ സീനില്‍ മാത്രമാണ് ചിത്രത്തിലെത്തുന്നത്. ഒരു പ്രാധാന്യവുമില്ലാതെ വന്ന ഇത്തരം കഥാപാത്രങ്ങളെ എണ്ണി പറയുകയാണ് സോഷ്യല്‍ മീഡിയ.
സൗബിന്‍, ഗണപതി, ഷറഫുദ്ദീന്‍, സാബു മോന്‍, അബു സലിം, തെസ്‌നി ഖാന്‍ തുടങ്ങിയ കഥാപാത്രളൊക്കെ എന്തിനാണെന്ന് അല്‍ഫോണ്‍സിനെങ്കിലും അറിയാമോ എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. ഇതില്‍ പല കഥാപാത്രങ്ങളും ഒരോ സീനുകളില്‍ വണ്ടിയോടിക്കാനും ഡാന്‍സ് കളിക്കാനും ചായ കുടിക്കാനുമൊക്കെ മാത്രം വരുന്നവരാണ്. ഇവരൊന്നും സിനിമയില്‍ ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. ഇതിനു പുറമേ ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, അല്‍ത്താഫ്, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു എന്നിവരൊക്കെ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നുപോകുന്നുണ്ട്.
നയന്‍താരക്കും അപ്രധാനമായ കഥാപാത്രമാണ് നല്‍കിയതെന്ന് ആരാധകര്‍ പരാതിപ്പെടുന്നുണ്ട്. ചിത്രത്തില്‍ കാണിച്ച ഉറുമ്പിനും പുല്‍ച്ചാടിക്കും കാളക്കും അണ്ണാനും പോലും നയന്‍താരയെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നുവെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.
അല്‍ഫോണ്‍സിന്റെ മുന്‍ചിത്രങ്ങളിലേതുപോലെയുള്ള നല്ല പാട്ടുകളോ പ്രണയമോ സൗഹൃദമോ ഒന്നും സിനിമയിലില്ല. ഒരു ഷോര്‍ട്ട് ഫിലിമിനുള്ള കഥ രണ്ടര മണിക്കൂര്‍ സിനിമയാക്കി പ്രേക്ഷകരെ മടുപ്പിച്ചു. ഫസ്റ്റ് ഹാഫില്‍ നല്ല ലാഗ് ഉണ്ടായിരുന്നുവെന്നും ഇടക്ക് എന്‍ഗേജിങ്ങായി വരുമെങ്കിലും ആ ഫ്ളോ പെട്ടെന്ന് തന്നെ പോവുകയാണെന്നും പ്രേക്ഷകര്‍ പറയുന്നു.
Content Highlight: more than ten characters for no reason in gold movie