സൗദി അറേബ്യ: സൗദിയില്‍ വാഹനാപകടത്തിന് പ്രധാനകാരണം വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ഒന്നരലക്ഷം അപകടങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദി സ്റ്റാന്‍ഡേര്‍ഡ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ അഥവാ സാസോ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.
1,61,242 വാഹനാപകടങ്ങള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ സംസാരിക്കുക, മെസ്സേജുകള്‍ വായിക്കുക, മെസ്സേജുകള്‍ അയക്കുക തുടങ്ങിയവ മൂലം ഡ്രൈവിങ്ങിലെ ശ്രദ്ധ ഇല്ലാതാകുന്നു.
തുടര്‍ച്ചയായ മുന്നറിയിപ്പുകളും ബോധവല്‍ക്കരണങ്ങളും ഉണ്ടായിട്ടും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടം പലരും തിരിച്ചറിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ നൂറ്റിയമ്പത് മുതല്‍ മുന്നൂറു റിയാല്‍ വരെ പിഴയാണ് ഇപ്പോള്‍ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ തടവില്‍ കഴിയേണ്ടി വരും. വാഹനങ്ങളില്‍ ഘടിപ്പിച്ച എയര്‍ ബാഗ് മൂലം അപകടമരണനിരക്ക് പന്ത്രണ്ട് ശതമാനം കുറഞ്ഞതായും സാസോ വെളിപ്പെടുത്തി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞ വര്‍ഷം മുതലുള്ള വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിക്കാന്‍ സാസോ നിര്‍ദേശിച്ചിട്ടുണ്ട്.