ട്വിറ്ററിലൂടെ മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷ പ്രചരണം; പകുതിയിലധികം പോസ്റ്റുകളും ഇന്ത്യയില്‍ നിന്ന്; അമേരിക്കയും ബ്രിട്ടനും തൊട്ടുപിറകെ
World News
ട്വിറ്ററിലൂടെ മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷ പ്രചരണം; പകുതിയിലധികം പോസ്റ്റുകളും ഇന്ത്യയില്‍ നിന്ന്; അമേരിക്കയും ബ്രിട്ടനും തൊട്ടുപിറകെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th September 2022, 1:46 pm

ലോകമെമ്പാടും ട്വിറ്ററിലൂടെ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പകുതിയിലധികം കണ്ടന്റുകളും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്ന് പഠന റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയിലെ വിക്ടോറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനയായ ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ (Islamic Council of Victoria) ആണ് പഠനം നടത്തിയത്.

മുസ്‌ലിം വിരുദ്ധ വിദ്വേഷ ട്വീറ്റുകളില്‍ 86 ശതമാനം കണ്ടന്റുകളും ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദേശം 2,70,000 മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ സംഘടന 2017നും 2019നുമിടയിലുള്ള കാലയളവില്‍ ഏകദേശം നാല്‍പത് ലക്ഷം മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി.

ഇന്ത്യയില്‍ നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കളാണ് വിദ്വേഷകരമായ, മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന ട്വീറ്റുകളില്‍ പകുതിയിലേറെയും പോസ്റ്റ് ചെയ്തതെന്നും ആഗോളതലത്തില്‍ മുസ്‌ലിം കമ്മ്യൂണിറ്റിക്ക് നേരെയുള്ള ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആക്രമണങ്ങള്‍ ഒരു സൈക്കിള്‍ പോല ആവര്‍ത്തിക്കുന്നതായും ഐ.സി.വി കണ്ടെത്തി.

ഇന്ത്യയില്‍ നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍, മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ വ്യാപനം വര്‍ധിക്കാന്‍ കാരണം ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയാണെന്നും ഗവേഷകര്‍ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

”മുസ്‌ലിങ്ങളോടുള്ള വിദ്വേഷം ബി.ജെ.പി നോര്‍മലൈസ് ചെയ്തിരിക്കുകയാണ്. അതായത് ആകെയുള്ള മുസ്‌ലിം വിദ്വേഷ ട്വീറ്റുകളില്‍ 55.12 ശതമാനവും ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്,” പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഓണ്‍ലൈനില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷം ഉയരുന്നതിന് മുസ്‌ലിങ്ങളുടെ പൗരത്വവും മറ്റ് പൗരാവകാശങ്ങളും നിഷേധിക്കുന്ന വിവേചനപരമായ നിയമങ്ങളും കാരണമാണെന്നും ഐ.സി.വി ചൂണ്ടിക്കാട്ടി.

‘അമേരിക്കയില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെടുന്ന മുസ്‌ലിം വിരുദ്ധ ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നയാളുകളില്‍ മൂന്നാം സ്ഥാനത്താണ് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉള്ളതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ട്രംപിന്റെ മുസ്‌ലിം കുടിയേറ്റ നിരോധന പോളിസിയെയും മുസ്‌ലിം വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങളെയുമെല്ലാം ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രചരണത്തിന്റെ ആഗോള വ്യാപനം, അഭയാര്‍ത്ഥി പ്രതിസന്ധി സൃഷ്ടിച്ച കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍, ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ എന്നിവയാണ് ബ്രിട്ടനില്‍ മുസ്‌ലിം വിരുദ്ധ ട്വീറ്റുകളുടെ വ്യാപനത്തിന് പ്രധാന കാരണങ്ങളായി ഗവേഷകര്‍ പറയുന്നത്.

മുമ്പ് നിഖാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ‘ലെറ്റര്‍ ബോക്‌സുകളോട്’ ഉപമിച്ചുകൊണ്ട് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നടത്തിയ വംശീയ പരാമര്‍ശവും രാജ്യത്ത് മുസ്‌ലിം വിരുദ്ധത പ്രചരിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

Content Highlight: More than half of anti-Muslim hate content in Twitter comes from India