| Friday, 13th December 2024, 8:33 am

പത്ത് ലക്ഷം ജനങ്ങള്‍ക്ക് 21 ജഡ്ജി വീതം; ഇന്ത്യയിലെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധ കോടതികളിലായി 5.15 കോടിയിലധികം കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതായി കേന്ദ്ര നിയമ നീതിന്യായ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.

ഇതില്‍ സുപ്രീം കോടതിയില്‍ 82,171 കേസുകളും ഹൈക്കോടതികളില്‍ 57.82 ലക്ഷം കേസുകളും ജില്ലാ, വിചാരണക്കോടതികളില്‍ 4.56 കോടി കേസുകളും ഉള്‍പ്പെടുന്നു. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ് (എന്‍.ജെ.ഡി.ജി) തയ്യാറാക്കിയ കണക്കുകള്‍ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു.

ഭൗതിക സൗകര്യങ്ങളുടെ കുറവ്, സ്റ്റാഫുകളുടെ ലഭ്യതക്കുറവ്, തെളിവുകളുടെ സങ്കീര്‍ണത, അന്വേഷണ ഏജന്‍സികള്‍, ബാറിലെ സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സിന്റെ സഹകരണം, സാക്ഷികള്‍, ആപ്ലിക്കേഷന്‍ പ്രോസസ് എന്നീ ഘടകങ്ങള്‍ എല്ലാം കേസ് വൈകുന്നതില്‍ കാരണമാവുന്നതായി മന്ത്രി പറഞ്ഞു.

വിവിധ തരത്തിലുള്ള കേസുകള്‍ കോടതികള്‍ നിശ്ചിത സമയപരിധിക്കകം കോടതികള്‍ക്ക് തീര്‍പ്പാക്കാന്‍ സാധിക്കാത്തതും, ഇടയ്ക്കിടെ മാറ്റിവയ്ക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമുള്ള മതിയായ ക്രമീകരണങ്ങള്‍ ഇല്ലാത്തതും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു.

2011ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 1210.19 ദശലക്ഷം ജനങ്ങളാണുള്ളത്. എന്നാല്‍ 2024ലെ സുപ്രീം കോടതി, ഹൈക്കോടതികള്‍, ജില്ലാ, സബോര്‍ഡിനേറ്റ് കോടതികള്‍ എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ രാജ്യത്തെ പത്ത് ലക്ഷം ജനങ്ങള്‍ക്ക് 21 ജഡ്ജിമാരാണുള്ളത്.

ഹൈക്കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ 2024ല്‍ ഹൈക്കോടതിയില്‍ 34 പുതിയ ജഡ്ജിമാരെയാണ് നിയമിച്ചത്. 2023ല്‍ ഇത് 110 ആയിരുന്നു. 2022ല്‍ ഇത് 165 ആയിരുന്നു. 2021ല്‍ ഇത് 120ഉം 2020ല്‍ ഇത് 66 ആയിരുന്നു. 2019ല്‍ 81ഉം.

2024ല്‍ സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം നാലാണ്. 2023ല്‍ ഇത് 14 ആയിരുന്നു. 2022ല്‍ മൂന്നും 2021ല്‍ അത് ഒമ്പതും 2019ല്‍ ഇത് പത്തും ആയിരുന്നു. 2020ല്‍ നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlight: More than five crore cases are pending in Indian courts, says Union law minister on Parliament 

Latest Stories

We use cookies to give you the best possible experience. Learn more