യു.പിയില്‍ ആയിരങ്ങളുടെ വോട്ട് ബഹിഷ്‌ക്കരണം; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെടുത്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യം
national news
യു.പിയില്‍ ആയിരങ്ങളുടെ വോട്ട് ബഹിഷ്‌ക്കരണം; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെടുത്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 12:19 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആയിരത്തിലധികം വരുന്ന ഗ്രാമവാസികള്‍ വോട്ട് ബഹിഷ്‌ക്കരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വോട്ട് ബഹിഷ്‌കരണം.

കറൈന ഗ്രാമത്തിലെ വോട്ടര്‍മാരാണ് ബഹിഷ്‌ക്കരണാഹ്വാനം നടത്തിയിക്കുന്നത്. ഗ്രാമത്തിലുള്ളവര്‍ക്ക് തയ്യാറാക്കിയ പോളിങ് ബൂത്തില്‍ ഇതുവരെ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പോളിങ് ബൂത്തില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍, വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് 29 യുവാക്കള്‍ക്കെതിരെ പൊലീസ് ജയിലിലടച്ചിരുന്നു. ഈ കേസുകളിലെ എഫ്.ഐ.ആര്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല.

അതേസമയം യുവാക്കള്‍ക്കെതിരെയുള്ള കേസ് കള്ളക്കേസാണെന്നും സംഘര്‍ഷം ഗൗരവകരമായ ഒരു ഏറ്റുമുട്ടല്‍ ആല്ലായിരുന്നുവെന്നും ഗ്രാമവാസികള്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേസുകള്‍ റദ്ദാക്കിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും ഗ്രാമവാസികള്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഗ്രാമവാസികളുടെ തീരുമാനം യു.പിയിലെ ബി.ജെ.പി, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ ഗ്രാമത്തലവന്റെ വസതിയില്‍ ചേര്‍ന്നിരിക്കുന്ന പഞ്ചായത്തില്‍ ആരും തന്നെ വോട്ട് രേഖപ്പെടുത്തില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ അനുനയ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Content Highlight: More than a thousand villagers are reportedly boycotting votes in Uttar Pradesh