ടെഹ്റാന്‍ : ഖത്തര്‍ ലോകകപ്പില്‍ വെയില്‍സിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീം വിജയിച്ചതിന് പിന്നാലെ രാജ്യത്തെ തദ്ദേശീയരായ 700ലധികം തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമമായ മിസാന്‍ അടക്കമുള്ളവരാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 709 തടവുകാരെ രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇറാന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അടക്കം മോചിപ്പിച്ചിട്ടുണ്ട്. മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം വോറിയ ഗഫൂരി, ഇറാനിയന്‍ നടി ഹെന്‍ഗമേ ഗാസിയാനി തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 2-0ന് ഇറാന്‍ വെയില്‍സിനെതിരെ വിജയിച്ചിരുന്നു. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് ഇറാന്‍ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തുന്നത്. റൗസ്‌ബെ ചെഷ്മിയും റമിന്‍ റസായേനുമാണ് ഇറാന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഇറാന്‍ 6-2ന് തോറ്റിരുന്നു.
മഹ്സ അമിനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി ഇറാനില്‍ പ്രതിഷേധം നടക്കുകയാണ്. ഇതിനിടയിലാണ് ഇറാന്‍ ലോകകപ്പിനിറങ്ങിയിരിക്കുന്നത്. ഇറാനിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഖത്തറിലെ തങ്ങളുടെ മത്സരം ഇറാനിലെ പോരാടുന്ന ജനതക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ടീം നായകന്‍ ഇഹ്സാന്‍ ഹജ്സഫി പറഞ്ഞിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. പൊലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി മരിക്കുകയായിരുന്നു.
Content Highlights: More than 700 of the Iranian’s indigenous prisoners have reportedly been freed after Iran’s football team won their group stage match against Wales