| Wednesday, 2nd October 2024, 9:30 pm

ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളെ കരിമ്പട്ടികയില്‍ ചേര്‍ക്കുന്നതിനെതിരെ 700ലധികം ഹോളിവുഡ് അംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ രംഗത്തിറങ്ങണമെന്ന് ഹോളിവുഡ് താരങ്ങളുടെ ആഹ്വാനം. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ പരസ്യ പ്രസ്താവന നടത്താന്‍ ഒരു പ്രമുഖ ഹോളിവുഡ് യൂണിയനിലെ 700ലധികം അംഗങ്ങള്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.

അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്റ് റേഡിയോ ആര്‍ട്ടിസ്റ്റുകളുടെ നേതൃത്വത്തോടാണ് താരങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീനിലെ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. നിരപരിധികളായ ആരോഗ്യ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ ചെറുക്കണമെന്നും തുറന്ന കത്തില്‍ പറയുന്നു.

മാര്‍ക്ക് റുഫലോ, സിന്തിയ നിക്‌സണ്‍, കോമണ്‍, സൂസന്‍ സരണ്ടന്‍, റിസ് അഹമ്മദ്, റോസി ഒ ഡോണല്‍ തുടങ്ങിയ താരങ്ങളുടെ സംഘമാണ് ഇസ്രഈലിനെതിരെ രംഗത്തെത്തിയത്. ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ചെറുത്തുനില്‍പ്പിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും താരങ്ങള്‍ അറിയിച്ചു.

ഇതിനുമുമ്പും ഒട്ടനവധി ഹോളിവുഡ് താരങ്ങള്‍ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നിരവധി താരങ്ങളെ അമേരിക്കന്‍ ഏജന്‍സികള്‍ സമ്മര്‍ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഷൂട്ടിങ് അനുമതി നല്‍കാതെയും സ്റ്റുഡിയോ വിട്ടുനല്‍കാതെയുമാണ് ഏജന്‍സികള്‍ ഫലസ്തീന്‍ അനുകൂലികളായ താരങ്ങളെ സമ്മര്‍ദത്തിലാഴ്ത്തിയത്.

നേരത്തെ ഇസ്രഈലിനെതിരെ സംസാരിക്കുന്നതിന് അഭിനേതാക്കള്‍ സെന്‍സര്‍ഷിപ്പ് നേരിടുന്നുവെന്ന് ആരോപിച്ച് ഹോളിവുഡില്‍ ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. ‘ഫലസ്തീനെ മോചിപ്പിക്കുക,’ ‘ഉടന്‍ വെടിനിര്‍ത്തല്‍’ എന്നെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി.

ഓസ്‌കാര്‍ ജേതാവ് സൂസന്‍ സരന്‍ഡോണ്‍ ഒരു ഫലസ്തീന്‍ അനുകൂല റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ യു.ടി.എ അവരെ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയില്‍ പ്രതിഷേധം ശക്തമായത്.

ഫലസ്തീനികളെ പിന്തുണച്ചതിന് തന്റെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനം തടസപ്പെടുത്താന്‍ ചില ഇസ്രഈലി ലോബികള്‍ ശ്രമിച്ചതായി ഇംഗ്ലീഷ് ഗായകനും പ്രമുഖ ബാന്‍ഡായ പിങ്ക് ഫ്‌ലോയ്ഡിന്റെ സഹ സ്ഥാപകനുമായ റോജര്‍ വാട്ടേഴ്‌സും ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ നവംബറില്‍ മെക്‌സിക്കന്‍ നടിയായ മെലിസ ബാരേരയെ ഇസ്രഈല്‍ വിരുദ്ധ നിലപാടെടുത്തതില്‍ സ്‌ക്രീം ഫ്രാഞ്ചൈസിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രൊഡക്ഷന്‍ കമ്പനിയായ സ്പൈഗ്ലാസ് മീഡിയ ഗ്രൂപ്പ് മെലിസയുടെ നിലപാടുകളെ ആന്റിസെമിറ്റിക് എന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പാശ്ചാത്യ മാധ്യമങ്ങള്‍ അവരുടെ വശം മാത്രമാണ് പുറത്ത് കാണിക്കുന്നതെന്നും ഫലസ്തീനികളുടെ വശത്തുനിന്ന് യുദ്ധത്തിന്റെ വാര്‍ത്തകള്‍ അറിയാന്‍ താന്‍ ശ്രമിക്കുകയാണെന്നും ബരേര ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ എഴുതിയിരുന്നു. ഇത്തരത്തില്‍ ഇസ്രഈല്‍ വിരുദ്ധ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബരേര വിലക്ക് നേരിട്ടത്.

Content Highlight: More than 700 Hollywood members protest blacklisting of pro-Palestinian voices

We use cookies to give you the best possible experience. Learn more