ലണ്ടന്‍: ബ്രിട്ടനിലേക്ക് 2022ല്‍ മാത്രം കുടിയേറിയവരുടെ എണ്ണം ആറ് ലക്ഷത്തില്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. ആകെ 6,06,000 പേരാണ് കുടിയേറിയത്. കുടിയേറ്റം കുറക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളുടെ ആശ്രിത വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
‘ലോകത്തെമ്പാടും 2022ലുണ്ടായ അഭൂതപൂര്‍വമായ സംഭവവികാസങ്ങളും കൊവിഡ് 19 ഉണ്ടാക്കിയ യാത്രാബന്ധനങ്ങളും ബ്രിട്ടണിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിച്ചു.
യൂറോപ്യന്‍ ഇതര രാജ്യത്ത് നിന്നുള്ളവരാണ് കുടിയേറുന്നവരില്‍ കൂടുതല്‍. ജോലി, പഠിത്തം, മാനുഷിക ഉദ്ദേശ്യങ്ങള്‍ എന്നിവ തേടിയാണ് മിക്കവരും ലണ്ടനിലേക്കെത്തുന്നത്,’ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഡയറക്ടറായ ജയ് ലിന്‍ഡോപ് പറഞ്ഞു.
1,52,000 പേര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ളവരാണെന്ന് ഒ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. 2022ലെ പ്രത്യേക വിസ പദ്ധതി പ്രകാരം 1,14,000 പേര്‍ ഉക്രൈനില്‍ നിന്നും 52,000 പേര്‍ ഹോങ്കോങ്ങില്‍ നിന്നും കുടിയേറി വന്നവരാണ്.
അതേസമയം കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്നും എന്നാല്‍ പ്രശ്‌നം വളരെ ലളിതമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഐ.ടി.വി. ന്യൂസിനോട് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴുള്ള ഈ കണക്കുകളില്‍ നിന്ന് മാറി കുടിയേറ്റക്കാരുടെ എണ്ണം പഴയ പോലെയാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബേര്‍ട്ട് ജെന്റികും പറഞ്ഞു.
മെയ് 23നാണ് പുതിയ വിസ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ലണ്ടന്‍ സര്‍ക്കാര്‍ അറിയിച്ചത്.
ബ്രിട്ടന്റെ വിദ്യാഭ്യാസ സെക്രട്ടറിയായ സ്വെല്ല ബ്രേവര്‍മാന്‍ വിസ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. വിദ്യാര്‍ത്ഥികളായി വരുന്നവരുടെ ആശ്രിത വിസക്കാര്‍ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കുടുംബാംഗങ്ങളെയും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ പൊതു സേവനങ്ങള്‍ സമ്മര്‍ദത്തിലാകുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
‘വിദ്യാര്‍ത്ഥികള്‍ കുട്ടികളെ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ പൊതു സേവനങ്ങള്‍ക്ക് താങ്ങാനാകാത്ത സമ്മര്‍ദമാണ് ഉണ്ടാകുന്നത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ആശ്രിതരെ കൊണ്ട് വരുന്നത് തടയുന്നതിലൂടെ കുടിയേറ്റം കുറക്കാന്‍ സഹായിക്കും,’ സ്വെല്ല പറഞ്ഞു.
CONTENT HIGHLIGHT: More than 600,000 people immigrated to the UK in 2022; Most people came for the purpose of study