റിയാദ്: മക്കയിൽ കനത്ത ചൂടിൽ ഇതുവരെ മരണപ്പെട്ടവരുടെ മരണം 577 ആയതായി റിപ്പോർട്ട്. മക്കയിൽ ചൂട് 51.8 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതോടെയാണ് മരണ സംഖ്യ 577 ആയി കൂടിയത് . മരിച്ചവരിൽ 323 പേരും ഈജിപ്തുകാരാണ് . ഈജിപ്തുകാരെ കൂടാതെ 60 ജോർദാൻകാരും മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മക്ക അധികൃതർ നൽകുന്ന കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നായി വന്ന 577 തീർത്ഥാടകർ ചൂട് കാരണം മരണപ്പെട്ടിട്ടുണ്ട്. മക്കയിലെ ഏറ്റവും വലിയ മോർച്ചറികളിലൊന്നായ അൽ മുഐസെമിലെ മോർച്ചറിയിൽ 550 മൃതദേഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. രണ്ടായിരത്തിൽ അധികം ആളുകൾ സൂര്യാഘാതം ഏറ്റ് ചികിത്സയിലുണ്ടെന്നും സൗദി അധികൃതർ അറിയിച്ചു.
ചൂട് സഹിക്കാൻ കഴിയാതെ തീർത്ഥാടകർ കുപ്പിവെള്ളം ദേഹത്തു ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എ.പി.എഫ് ജേർണലിസ്റ്റ് ആയ മിന റിപ്പോർട്ട് ചെയ്തു.
‘വളണ്ടിയേഴ്സ് തീർത്ഥാടകർക്ക് തണുത്ത പാനീയങ്ങളും ഐസ്ക്രീമും നല്കിക്കൊണ്ടിരിക്കുകയായിരുന്നു. ചൂട് സഹിക്കാൻ കഴിയാതെ പലരും കുപ്പിവെള്ളം ദേഹത്താകെ ഒഴിക്കുന്നുണ്ടായിരുന്നു,’ മിന പറഞ്ഞു.
സൗദി അധികൃതർ തീർത്ഥാടകരോട് കുടയും ധാരാളം വെള്ളവും കൈവശം സൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഉച്ചവെയിലിൽ പുറത്തു പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ശനിയാഴ്ച നടന്ന അഫ്‌റാത്ത് പർവതത്തിലെ പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള പല ഹജ്ജ് ചടങ്ങുകളിലും തീർത്ഥാടകർക്കും പകൽ സമയത്ത് പുറത്ത് കഴിയേണ്ടതായി വന്നു.
ഈ വർഷം 1.8 ദശലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്. അതിൽ 1.6 ദശലക്ഷം പേരും വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതർ അറിയിച്ചു. ഈജിപ്തിൽ നിന്ന് ഹജ്ജിന് രജിസ്റ്റർ ചെയ്യാത്ത നിരവധി തീർത്ഥാടകർ എത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇവർ മക്ക അധികൃതർ ഒരുക്കിയ എയർ കണ്ടീഷണർ ഉള്ള വഴിയിലൂടെ അല്ല വരുന്നതെന്നും അത് മൂലമാണ് ഈജിപ്തിൽ നിന്നുള്ള തീർത്ഥാടകരുടെ മരണ സംഖ്യ ഉയർന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ചൂട് കാരണം മക്കയിൽ 240 ആളുകൾ മരണപ്പെട്ടിരുന്നു. മരിച്ചവരിൽ കൂടുതലും ഇന്തോനേഷ്യക്കാരായിരുന്നു.എന്നാൽ ഇരട്ടിയിലധികം മരണമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
Content Highlight: more than 550 hajji pilgrims die in macca