ജറുസലേം: ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 500ലധികം പേര്‍ കൊല്ലപ്പെട്ടു. അല്‍ അഹ്‌ലി ആശുപത്രിക്ക് നേരെയാണ് ഇസ്രഈല്‍ സൈന്യത്തിന്റെ ബോംബാക്രമണമുണ്ടായത്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രണത്തില്‍ ആശുപത്രിയുടെ 80 ശതമാനവും തകര്‍ന്നുവെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരു ഡോക്ടര്‍ ബി.ബി.സിയോട് പറയുന്നത്.
ഗസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. ആകെ 4000 ഓളം ആളുകള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നെന്നാണ് ഗസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഇവിടേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ ആക്രമണം അഴിച്ചുവിട്ടത്. 12 ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഏറ്റവും വലിയ ജീവനാശം സംഭവിച്ച ആക്രമണവും ഇതാണ്.
ഇതുകൂടാതെ യു.എന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മുന്നറിയിപ്പില്ലാതെയും ആശുപത്രിക്ക് നേരെയും നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈലിലെത്താനിരിക്കെയാണ് പുതിയ ആക്രമണം.
അതേസമയം, ഈ ആക്രമണം നടത്തിയത് തങ്ങളല്ലെന്നാണ് ഇസ്രഈലിന്റെ വാദം. ഗസയിലെ മറ്റൊരു സായുധ വിഭാഗമായ ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ വീഴുകയായിരുന്നവെന്നാണ് ഇസ്രഈല്‍ ആരോപിക്കുന്നത്. എന്നാല്‍ ഇസ്‌ലാമിക് ജിഹാദ് ഈ ആരോപണം നിഷേധിച്ചു.
ഇതുവരെ 3000ത്തിലധികം ഫലസ്തീനികളാണ് ഇസ്രഈല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. 500ലേറെ കുട്ടികളടക്കം 1200 പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
Content Highlight: More than 500 people were killed in an Israeli airstrike on a hospital in Gaza