| Sunday, 7th June 2020, 11:10 pm

55 കാരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത് 400 ഓളം പേര്‍, മരിച്ചയാള്‍ക്ക് കൊവിഡാണെന്ന് മനസ്സിലായത് പിറ്റേന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മരിച്ച 55 കാരന് കൊവിഡ് ബാധയുണ്ടയിരുന്നെന്ന് പരിശോധനാഫലം. ഇതറിയാതെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത് 400 ഓളം പേര്‍. മരണപ്പെട്ട 55 കാരന്റെ ശവസംസ്‌കാരത്തിനു മുമ്പായി കുളിപ്പിക്കുകയും മറ്റ് ആചാരനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ വാസൈ മേഖലയിലെ 55 കാരന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. വസൈയിലെ കാര്‍ഡിനല്‍ ഗ്രേഷിയസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.  മരിച്ചയാള്‍ സ്ഥലത്തെ ഒരു അറിയപ്പെടുന്ന ആളായതിനാല്‍ ഒരുപാട് പേര്‍ മരണാനന്തര ചടങ്ങിനെത്തിയിരുന്നു.

നിലവിലെ ചട്ടപ്രകാരം മരണപ്പെട്ട ആളുടെ കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷമേ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാവൂ. എന്നാല്‍ ഈ ആശുപത്രി അധികൃതര്‍ പരിശോധനഫലം വരുന്നതിനു മുമ്പേ മൃതദേഹം വീട്ടുകാര്‍ക്ക് നല്‍കി. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

കരളിലെ അണുബാധയെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്. മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചതിന്റെ പിറ്റേന്നാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്.

സംഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ നേരത്തെ പരിശോധന നടത്തിയപ്പോള്‍ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മൃതദേഹം പൊതിഞ്ഞിരുന്നതായും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കുടുംബത്തിന് നല്‍കിയിരുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more