| Sunday, 18th February 2024, 11:34 am

നവാല്‍നിയുടെ മരണം; ആദരമര്‍പ്പിക്കാനെത്തിയ 400ലധികം ആളുകളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: മരണപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിക്ക് ആദരമര്‍പ്പിച്ച് റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടിയില്‍ 400ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് നവാല്‍നിക്ക് ആദരമര്‍പ്പിച്ച് തെരുവിലറങ്ങിയത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 74 പേരും മോസ്‌കോയില്‍ 49 പേരുമുള്‍പ്പടെ രാജ്യത്താകെ 401 പേരെയാണ് അറസ്റ്റ് ചെയ്‌തെന്ന് റഷ്യയിലെ അവകാശ സംഘടനയായ ഒ.വി.ഡി.ഇന്‍ഫോ അറിയിച്ചു.

നവാല്‍നിയുടെ മരണവാര്‍ത്ത പുറത്ത് വന്നതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പൂക്കളുമായി ജനങ്ങള്‍ റാലികളും ആദര പരിപാടിയും നടത്തുകയായിരുന്നു. എന്നാല്‍ കസ്റ്റെഡിയിലെടുത്തവരുടെ എണ്ണം പൊലീസ് നല്‍കിയ കണക്കിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ഒ.വി.ഡി.ഇന്‍ഫോ പറയുന്നത്.

നവാല്‍നിയുടെ ചിത്രത്തിന് മുന്നില്‍ മോസ്‌കോയുടെ വിവിധ ഭാഗങ്ങളില്‍ അര്‍പ്പിച്ച മെഴുകുതിരകളും പൂച്ചെണ്ടുകളും പൊലീസ് ബാഗുകളിലാക്കി കൊണ്ട് പോയെന്നും ആളുകള്‍ ആരോപിച്ചു.

അതേസമയം നവേല്‍നിയുടെ മൃതദേഹം ഇപ്പോഴും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും അദ്ദേഹത്തിന്റെ അമ്മയെ പോലും മൃതദേഹം ഒരു നോക്ക് കാണാന്‍ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. നവാല്‍നിയുടെ മരണത്തില്‍ സര്‍ക്കാറെടുക്കുന്ന നിലപാട് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സ്ഥിരം വിമര്‍ശകനായിരുന്ന നവാല്‍നി വെള്ളിയാഴ്ചയാണ് ജയിലില്‍ കുഴഞ്ഞ് വീണ് മരിച്ചത്. 2021ലാണ് അദ്ദേഹത്തെ ഏകാന്ത തടവിന് ശിക്ഷിച്ചത്. റഷ്യന്‍ ഭരണകൂടം ചുമത്തിയ ഭീകരവാദം ഉള്‍പ്പടെയുള്ള കുറ്റങ്ങളിലായിരുന്നു ശിക്ഷ. എന്നാല്‍ കുറ്റങ്ങള്‍ റഷ്യന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു.

Contant Highlight: More than 400 detained at Navalny memorials in Russia

We use cookies to give you the best possible experience. Learn more