| Saturday, 30th March 2024, 3:10 pm

സിറിയയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പട്ടവരില്‍ കൂടുതലും സൈനികരാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആറ് അംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്.ഒ.എച്ച്.ആര്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 42 പേര്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും പറയുന്നു.

റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടില്‍ മരണസംഖ്യ 38ആണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് സിറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അലപ്പോയുടെ നിരവധി ഗ്രാമ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ആയുധ ഡിപ്പോയില്‍ വലിയ സ്‌ഫോടനത്തിന് കാരണമായെന്ന് എസ്.ഒ.എച്ച്.ആര്‍ എക്‌സിലൂടെ അറിയിച്ചു.

ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടെന്നും സ്‌ഫോടനം നടന്ന പ്രദേശത്ത് ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോ ഉണ്ടായിരുന്നതായും എസ്.ഒ.എച്ച്.ആര്‍ അവരുടെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രഈല്‍ സേന ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Content Highlight: More than 40 people killed in Israeli strikes on Syria’s Aleppo

We use cookies to give you the best possible experience. Learn more