| Monday, 30th July 2018, 12:28 pm

അസം ദേശീയ പൗരത്വ രജിസ്റ്റര്‍; രണ്ടാം കരട് പുറത്തിറക്കി; 40 ലക്ഷം പേര്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഇന്ത്യക്കാരല്ലാത്തവരെ കണ്ടെത്തുന്നതിനായി സുപ്രീംകോടതി നിര്‍ദേശിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം കരട് പുറത്തിറക്കി. 3.29 കോടി അപേക്ഷകരില്‍ 40 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ പട്ടികയില്‍ ഇല്ല.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും ഡ്രാഫ്റ്റിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ പരാതികളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ പട്ടിക പ്രഖ്യാപിക്കുകയുള്ളൂവെന്നും എന്‍.ആര്‍.സി (National Register of Citizesn) വ്യക്തമാക്കി.

3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.

അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.

1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട്ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more