ഇസ്‌ലാമാബാദ്: പെഷവാറിലെ സൈനിക സ്‌കൂളില്‍ തെഹരീക് ഇ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കാനൊരുങ്ങുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ 3000 ല്‍ അധികം തീവ്രവാദികള്‍ തൂക്കിലേറ്റപ്പെടുമെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ്.
ലഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകനും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളുമായ സാക്കി-അര്‍ റഹാമാന്‍ ലഖ്വി ജാമ്യം ലഭിച്ചതിന് അടുത്ത ദിവസമാണ് കരസേനാ മേധാവിയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് ലഖ്‌വി ജാമ്യം ലഭിച്ചിരുന്നത്.
ലഖ്വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്‌ലാമാബാദിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009ലാണ് ലഖ്വി ഉള്‍പ്പെടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്തത്.
ജാമ്യം ലഭിക്കാന്‍ അഞ്ചുലക്ഷം പാകിസ്ഥാന്‍ രൂപ ലഖ്വി കെട്ടിവെച്ചു.2008 നവംബര്‍ 26ന് നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു 54കാരനായ ലഖ്വി. കടല്‍മാര്‍ഗം മുംബൈയിലെത്തി 166 പേരെ വധിച്ച പത്തംഗ ലഷ്‌കര്‍ സംഘത്തിന് പരിശീലനം നല്‍കിയതും ഇയാളായിരുന്നു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോടാണ് കരസേന മേധാവി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാക് സൈന്യം താലിബാനെ പിന്തുടരുന്നുണ്ടെന്നും ഏറെ വൈകാതെ അവരെ ഉന്മൂലനം ചെയ്യുമെന്നും രഹീല്‍ ഷെരീഫ് മുന്നറിയിപ്പ് നല്‍കുന്നു. സൈനികര്‍ തീവ്രവാദികളെപ്പോലെ ഭീരുക്കളല്ലെന്നും അവര്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.
“താലിബാന്‍ പാക് സൈന്യം നിങ്ങളുടെ അടുത്തെത്തും. അവര്‍ നിങ്ങളെ തകര്‍ക്കും. അവര്‍ ഒരിക്കലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കില്ല. അവര്‍ നിങ്ങളെപ്പോലെ ഭീരുക്കളല്ല.” അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
താലിബാന് മുന്നറിയിപ്പ് നല്‍കിയ കരസേനാ മേധാവി ജനങ്ങളോട് പാക് സൈന്യത്തെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. “പാകിസ്ഥാന്റെ മണ്ണില്‍ നിന്ന് തീവ്രവാദത്തെ തുടച്ചു നീക്കാന്‍ ജനങ്ങള്‍ പാക് സൈന്യത്തെ പിന്തുണയ്ക്കണം” എന്നാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.