ന്യൂദല്‍ഹി: സംഘപരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ നിയമവിഭാഗം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്ത് മുന്‍ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള 30 ന്യായാധിപന്‍മാര്‍. വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹി, വഖഫ് ഭേദഗതി ബില്‍ എന്നിവ ചര്‍ച്ചയായ യോഗത്തില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘാവാളും പങ്കെടുത്തിരുന്നു.
ജോലിയില്‍ നിന്ന് വിരമിച്ചാലും ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നതായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന വാദം. അതിനാല്‍ തന്നെ രാജ്യത്തിന്റെ നിര്‍മാണത്തിനും വികസനത്തിനും അവര്‍ ഇനിയും സംഭാവനകള്‍ ചെയ്യണമന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി.
എന്നാല്‍ സംഘപരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വി.എച്ച്.പി അനുഭാവമുള്ള ജഡ്ജിമാര്‍ ഒത്തുകൂടിയ യോഗം ആശങ്ക വര്‍ധിപ്പിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.
പള്ളികള്‍ പിടിച്ചെടുക്കാനുള്ള വാര്‍ത്തകള്‍ക്ക് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതംമാറ്റ നിരോധന നിയമം, ഗോവധം, ക്ഷേത്രങ്ങളുടെ വിമോചനം, ഹിന്ദുക്കളെ ബാധിക്കുന്ന മറ്റ് നിയമങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി വി.എച്ച്.പി പ്രസിഡന്റ് അലോക് കുമാരും പാര്‍ട്ടി വക്താവ് വിനോദ് ബന്‍സാലും പ്രതികരിച്ചു.
അതേസമയം ഇത്തരം യോഗങ്ങള്‍ ഭാവിയിലും സംഘടിപ്പിക്കാനുള്ള തീരുമാനവും യോഗത്തില്‍ കൈക്കൊണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുത്വ അജണ്ടകള്‍ ഭാവിയിലും മുന്നോട്ട് കൊണ്ടുപോകാന്‍ ഇത്തരം സമ്മേളനങ്ങള്‍ സഹായിക്കുമെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
മുതിര്‍ന്ന വി.എച്ച്.പി നേതാക്കളുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി പങ്കിടുന്ന ചിത്രം കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘാവാള്‍ കഴിഞ്ഞ ദിവസം എക്‌സില്‍ പങ്ക് വെച്ചിരുന്നു. ‘ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്. റിട്ടയേര്‍ഡ് ജഡ്ജിമാര്‍, നിയമജ്ഞര്‍, മുതിര്‍ന്ന അഭിഭാഷകര്‍, പണ്ഡിതന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കാളികളായി,’ സമ്മേളത്തിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് അര്‍ജുന്‍ മേഘാവാള്‍ എക്‌സില്‍ കുറിച്ചു.
വഖഫ് നിയമഭേദഗതി ബില്ലില്‍ എന്‍.ഡി.എ ഘടകകക്ഷികളില്‍ പോലും അതൃപ്തി പ്രകടിപ്പുക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു യോഗം സംഘടിപ്പിച്ചതെന്ന് വി.എച്ച്.പി വക്താവ് വിനോദ് ബന്‍സാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സ് അടിത്തറയിലെ സീല്‍ ചെയ്ത ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി കൊടുത്തതിന് പിന്നാലെ നടത്തിയ ഇത്തരം യോഗങ്ങള്‍ ജുഡീഷ്യറിയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്.
Content Highlight: More than 30 retired judges participated in the VHP meeting in Varanasi