ഗസ: ഗസയിലെ ഇസ്രഈൽ വംശഹത്യയിൽ ഇതുവരെ 30,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം.
23 ലക്ഷം ജനസംഖ്യയുടെ 1.3 ശതമാനമാണ് ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 81 പേർ കൊല്ലപ്പെട്ടെന്നും ആകെ മരണസംഖ്യ 30,035 ആയെന്നും ഫെബ്രുവരി 29ന് പുറത്തുവിട്ട കണക്കുകളിൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രിയിൽ എത്തിക്കാത്തവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടില്ല എന്നതിനാൽ യഥാർത്ഥ കണക്ക് ഇതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കും എന്നാണ് വിലയിരുത്തൽ. ഇസ്രഈലി വ്യോമാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കാണാതായവരുടെ എണ്ണവും ഇതിൽ ഉൾപ്പെടില്ല.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 70,000ത്തിലധികം ഫലസ്തീനികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 5,76,000 ആളുകൾ പട്ടിണി കാരണം പ്രയാസപ്പെടുകയാണെന്ന് യു.എൻ മാനുഷിക വിഭാഗം അധ്യക്ഷൻ രമേശ് രാജസിങ്കം അറിയിച്ചു.