തിരുവനന്തപുരം: കോഴിക്കോട്ടെ രണ്ട് ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം കൈവരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മക്കട ജനകീയ ആരോഗ്യ കേന്ദ്രവും കോഴിക്കോട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമാണ് നേട്ടം കൈവരിച്ചത്.
90.35 ശതമാനം സ്‌കോറോടെ മക്കട ജനകീയ ആരോഗ്യ കേന്ദ്രം നാഷനല്‍ ക്വാളിറ്റി അഷുറന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്) അംഗീകാരം നേടി. 93.66 ശതമാനം സ്‌കോര്‍ നേടിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മുസ്‌കാന്‍ അംഗീകാരവും കൈവരിച്ചു.
ഈ രണ്ട് പുരസ്‌കാരങ്ങളുടെയും കാലാവധി മൂന്ന് വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാകുന്നതോടെ ദേശീയ സംഘം ആരോഗ്യകേന്ദ്രങ്ങളില്‍ വീണ്ടും സന്ദര്‍ശനം നടത്തും. വര്‍ഷാവര്‍ഷം ഈ കേന്ദ്രങ്ങളില്‍ പരിശോധനയും ഉണ്ടാകും.
മികച്ച ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കാണ് മുസ്‌കാന്‍ പുരസ്‌കാരം നല്‍കി വരുന്നത്. നവജാത ശിശുക്കളുടെയും കൂട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹ്യദ സേവനങ്ങള്‍ ഉറപ്പാക്കാനുമാണ് മുസ്‌കാന്‍ പദ്ധതി ലക്ഷ്യമിടുന്നത്.
നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പിഡിയാട്രിക് ഒ.പി.ഡികള്‍ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും വികസനവും മുസ്‌കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
ഇതിനുപുറമെ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാന ആരോഗ്യരംഗം 28ലധികം പുരസ്‌കാരങ്ങള്‍ നേടിയതായും വീണ ജോര്‍ജ് അറിയിച്ചു. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ 2022ലും 2023ലും ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ച സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ഹീമോഫീലിയ വിവര ശേഖരണത്തിനും ഏകോപനത്തിനും അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം ലഭിക്കാതെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വനമിത്ര പദ്ധതിയും ദേശീയ അംഗീകാരം നേടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍ നടത്തുന്ന ആശുപത്രിയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജും തെരഞ്ഞെടുക്കപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ നിരവധി പുരസ്‌കാരങ്ങളാണ് കേരളത്തിന്റെ ആരോഗ്യ മേഖല നേടിയത്.
Content Highlight: More than 28 awards in four years; Two hospitals in Kozhikode receive national recognition