| Sunday, 24th June 2018, 10:29 pm

കാശ്മീര്‍ വളഞ്ഞ് കൂടുതല്‍ ഭീകരര്‍: അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാനിരിക്കെ കാശ്മീര്‍ താഴ്വരയില്‍ വീണ്ടും ഭീകരാക്രമണം. ലഷ്‌കറെ തയിബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ ഷക്കൂര്‍ അഹമ്മദ് ദര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തി.

കൊല്ലപ്പെട്ട ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. തെക്കന്‍ കാശ്മീരിലെ ഒട്ടേറെ സ്റ്റേഷനുകളില്‍ അഹമ്മദ് ദറിനെതിരെ കേസുകളുണ്ട്. ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.

സമീപകാലത്തു നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ജമ്മു-ശ്രീനഗര്‍ ഹൈവെയോട് ചേര്‍ന്ന് ഭീകരാക്രമണം നടക്കുന്നത്.


Also Read  നീരവ് മോദി ലണ്ടനിലെ ജ്വല്ലറിക്ക് മുകളിലുള്ള ഫ്ലാറ്റില്‍ താമസിച്ചതായി റിപ്പോര്‍ട്ട്


ഈ മാസം 28നാണ് അമര്‍നാഥ് യാത്ര തുടങ്ങുക. അതേസമയം, 250ല്‍ കൂടുതല്‍ ഭീകരര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് ഇത്ര തന്നെ ഭീകരര്‍ നിലവില്‍ കാശ്മീരിലുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

“ഏകദേശം 250ല്‍ കൂടുതല്‍ ഭീകരര്‍ കാശ്മീരില്‍ സജീവമാണ്. നിയന്ത്രണ രേഖയോടു ചേര്‍ന്ന് 25-30 പേരടങ്ങിയ സംഘങ്ങളായും ഭീകരര്‍ കാത്തുനില്‍ക്കുന്നു”- ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ലഫ് ജനറല്‍ എ.കെ ഭട്ട് പറഞ്ഞു.

വടക്കന്‍ കാശ്മീരിലെ സ്ഥിതി തെക്കന്‍ കാശ്മീരിനെ അപേക്ഷിച്ച് സുരക്ഷിതമാണെന്നും ഭട്ട് പറഞ്ഞു. ദേശീയ സുരക്ഷാസേനയിലെ അംഗങ്ങളെ പൊലീസിനൊപ്പം ശ്രീനഗറില്‍ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.


Also Read  കീഴടങ്ങാതെ ജപ്പാന്‍; സെനഗലിനെതിരെ ജപ്പാന്റ സമനില ഗോള്‍


കുല്‍ഗാമില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നാലെ ഒരു ഭീകരന്‍ സൈന്യത്തിനു മുമ്പാകെ കീഴടങ്ങി. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഛേദര്‍ ബന്‍ ഭാഗത്തു പൊലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംശയാസ്പദമായ വീട് വളഞ്ഞപ്പോഴായിരുന്നു സംഭവം. രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. അടുത്തിടെ ഇവര്‍ക്കൊപ്പം ചേര്‍ന്നയാളാണ് കീഴടങ്ങിയത്.

We use cookies to give you the best possible experience. Learn more