തിരക്കില്‍പ്പെട്ട് 200 പേര്‍ ചികിത്സ തേടി, തളര്‍ന്നുവീണ യുവതിക്ക് ശ്വാസോച്ഛ്വാസം നല്‍കിയത് ഓട്ടോറിക്ഷക്ക് മുകളില്‍; കൊച്ചിയിലെത്തിയത് റെക്കോര്‍ഡ് ജനം
Kerala News
തിരക്കില്‍പ്പെട്ട് 200 പേര്‍ ചികിത്സ തേടി, തളര്‍ന്നുവീണ യുവതിക്ക് ശ്വാസോച്ഛ്വാസം നല്‍കിയത് ഓട്ടോറിക്ഷക്ക് മുകളില്‍; കൊച്ചിയിലെത്തിയത് റെക്കോര്‍ഡ് ജനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 4:46 pm

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെയുള്ള തിക്കിലും തിരക്കിലും പെട്ട് 200ലധികം പേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്.

തിരക്കില്‍പ്പെട്ട് വീണ യുവതിക്ക് ശ്വാസോച്ഛ്വാസം നല്‍കിയത് ഓട്ടോറിക്ഷക്ക് മുകളില്‍ വെച്ചാണ്. ഓട്ടോറിക്ഷയില്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതും. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഞ്ച് ലക്ഷത്തോളം ആളുകള്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകള്‍ അവിടെ എത്തിയിരുന്നു. റോഡിലുള്‍പ്പെടെ വലിയ തിക്കും തിരക്കുമാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.

വൈകീട്ട് ആറ് മണിയോടെയാണ് ഡി.ജെ പാര്‍ട്ടി അടക്കമുള്ള പരിപാടികള്‍ തുടങ്ങിയത്. ഇതിന് ശേഷം 12 മണിവരെ വലിയ ജനക്കൂട്ടമാണ് ഫോര്‍ട്ട് കൊച്ചിയിലെത്തിയത്.

ഇതിനിടയില്‍ സംഘാടനത്തിലെ പിഴവിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ആകെ മൂന്ന് ആംബുലന്‍സുകള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ചികിത്സക്ക് ആശ്രയിക്കാനുണ്ടായിരുന്നത്.

അതേസമയം, കൊവിഡിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷമാണ് വിപുലമായ ആഘോഷ പരിപാടികള്‍ കൊച്ചിയില്‍ വീണ്ടും സംഘടിപ്പിക്കുന്നത്. ഒരു മാസമായി കാര്‍ണിവലിന്റെ ആവേശത്തിലായിരുന്നു നഗരം. ചെറായി, മലയാറ്റൂര്‍, മറൈന്‍ ഡ്രൈവ് തുടങ്ങിയിടങ്ങളും പുതുവത്സര പരിപാടികള്‍ നടന്നു.

12 മണിക്ക് ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ചും കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞും ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ രൂപമാറ്റം വരുത്തിയ പപ്പാഞ്ഞിയെയാണ് കത്തിച്ചത്.