| Wednesday, 7th September 2022, 1:38 pm

ഇന്ത്യയെ ഇന്ത്യയായി വേണ്ടവര്‍ ഒന്നിച്ചുനില്‍ക്കുക; ബി.ജെ.പിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിന്തുണയറിയിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക വെല്ലുവിളികളെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രക്ക് ഇന്ന് തുടക്കമാകും. കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

ജനാധിപത്യവും ഭരണഘടനയും രാജ്യത്തിന്റെ ഏകത്വവും അട്ടിമറിക്കപ്പെടുന്ന കാലത്ത് അവയെ ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമിടുന്നത്.

രാജ്യത്തെ ഒന്നിപ്പിക്കുന്നതോടൊപ്പം കോണ്‍ഗ്രസിനേയും ഒന്നിച്ചുചേര്‍ക്കുന്ന യാത്രയായിരിക്കും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പരാമര്‍ശം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കാവി പാര്‍ട്ടിക്ക് കഴിയുമെങ്കിലും ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന പ്രതീക്ഷയും തരൂര്‍ പങ്കുവെച്ചിരുന്നു.

കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ആറ് മാസം കൊണ്ട് 3500 കിലോമീറ്റര്‍ സഞ്ചരിച്ച് കശ്മീരില്‍ അവസാനിക്കും. 118 സ്ഥിര അംഗങ്ങളായിരിക്കും രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്റെ പദയാത്രയ്ക്ക് പിന്തുണയറിയിച്ച് നിരവധി സാഹിത്യകാരന്മാരും, ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുനിന്നും വിദ്വേഷവും വെറുപ്പും തുടച്ചുനീക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. വിഭജനവും ബഹിഷ്‌ക്കരണവും ഇല്ലാതാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

200ഓളം ജനപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഈ കോണ്‍ക്ലേവിലാണ് കോണ്‍ഗ്രസിന്റെ പദയാത്രക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍. രംഗത്തെത്തിയത്. സ്വാതന്ത്ര്യസമരത്തിന് ശേഷം രാജ്യത്ത് നടക്കുന്ന മഹത്തായ ജനാധിപത്യത്തിന്റെ ചെറുത്തുനില്‍പ്പായിരിക്കും ഭാരത് ജോഡോ യാത്ര എന്നായിരുന്നു ചര്‍ച്ചയുടെ അവസാനം സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞത്.

വ്യക്തിഗത വിവരങ്ങളില്‍ പോലും ഇത്രയധികം നിരീക്ഷിക്കപ്പെടുന്ന ദുരവസ്ഥ മുമ്പ് ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യത്തുടനീളമുള്ള ഏകദേശം 200ലധികം പേരാണ് പദയാത്രയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയിട്ടും ചില മുതലാളിമാരെ മാത്രം പിന്തുണയ്ക്കുകയും മറ്റ് സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങളെ മനസിലാക്കാന്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും പദയാത്രയ്ക്ക് പിന്തുണറിയിച്ചുക്കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

കര്‍ഷകരും തൊഴിലാളികളും ദളിതരും ഉള്‍പ്പെടെ രാജ്യത്തിന്റെ ശില്‍പികളെയൊക്കെ ഇത്രയും അധ;പതിച്ചു കണ്ട മറ്റൊരു വ്യക്തിയോ, പ്രധാനമന്ത്രിയോ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യയെ ഇന്ത്യയായി വേണ്ട എല്ലാവരും ഒന്നിച്ചുനില്‍ക്കണമന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് കൊണ്ടുവന്ന കര്‍ഷക നിയമവും പൗരത്വഭേദഗതിയും ജനങ്ങളുടെ പോരാട്ടത്തിന് മുമ്പില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതേ പോരാട്ടം തന്നെയാണ് ഭരണത്തില്‍ നിന്നും ബി.ജെ.പി താഴെയിറക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തേണ്ടതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

204 പേരാണ് ഭാരത് ജോഡോ യാത്രക്ക് പിന്തുണയറിയിച്ചുകൊണ്ട് ഒപ്പുവെച്ചത്. ഇതില്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പഡ്‌വര്‍ധന്‍, ഓള്‍ ഇന്ത്യ സെക്യുലര്‍ ഫ്രണ്ട് നേതാവ് അനില്‍ സദ്‌ഗോപാല്‍, സ്വരാജ് ഇന്ത്യ സ്ഥാപകന്‍ യോഗേന്ദ്ര യാദവ്, ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, നാടക പ്രവര്‍ത്തകയായ അനുരാധ കപൂര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മൃണാല്‍ പാണ്ഡെ, മുന്‍ എം.പി ധര്‍മ്മവീര്‍ ഗാന്ധി, ടി.എം. കൃഷ്ണ തുടങ്ങിയവരും 204ല്‍ പേരില്‍ ഉള്‍പ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ ഏഴാം തീയതി ആരംഭിക്കുന്ന പദയാത്ര കോണ്‍ഗ്രസ് അട്ടിമറിക്കപ്പെട്ട സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നില്ലെന്ന വാദങ്ങളും വിവിധഭാഗങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്.

കേരളത്തില്‍ നിന്നും ആരംഭിക്കുന്ന യാത്രക്ക് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും കാര്യമായ പിന്തുണയൊന്നും ലഭിച്ചിട്ടില്ല എന്ന വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയരുന്നുണ്ട്.

Content Highlight: more than 200 activists in support of rahul gandhi’s bharat jodo yatra

We use cookies to give you the best possible experience. Learn more