| Monday, 22nd July 2024, 10:22 am

നീറ്റ് പരീക്ഷയില്‍ 11,000ത്തിലധികം വിദ്യാര്‍ത്ഥികളും നേടിയത് പൂജ്യവും നെഗറ്റീവ് മാര്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയില്‍ 11,000ത്തിലധികം വിദ്യാര്‍ത്ഥികളും നേടിയത് പൂജ്യവും നെഗറ്റീവ് മാര്‍ക്കുമെന്നും റിപ്പോര്‍ട്ട്. കേന്ദ്രാടിസ്ഥാനത്തില്‍ എന്‍.ടി.എ (ദേശീയ പരീക്ഷ ഏജന്‍സി) പ്രസിദ്ധീകരിച്ച ഫലത്തിലാണ് ഈ കണക്കുകളെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്. ബീഹാറിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷയെത്തിയ വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്കുകളില്‍ ഏറ്റവും കുറഞ്ഞത് -180 ആണ്.

2,250ലധികം വിദ്യാര്‍ത്ഥികള്‍ പൂജ്യം മാര്‍ക്ക് നേടിയപ്പോള്‍ 9,400ലധികം വിദ്യാര്‍ത്ഥികള്‍ നെഗറ്റീവ് മാര്‍ക്കും നേടിയതായാണ് ഫലം വ്യക്തമാക്കുന്നത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷയെത്തിയ വിദ്യാര്‍ത്ഥികളാണ് കൂടുതലായും നെഗറ്റീവ് മാര്‍ക്കുകള്‍ നേടിയിരിക്കുന്നത്.

ഏതാനും ചില കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസ്തുത ഫലത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍.

എന്നാൽ സിക്കാര്‍ സെന്ററുകളില്‍ നിന്നുള്ള 2,000ലധികം വിദ്യാര്‍ത്ഥികള്‍ 650ന് മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. 4,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ 600ന് മുകളിലും മാര്‍ക്ക് നേടി.

അതേസമയം ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി എന്‍.ടി.എ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയവര്‍ പരീക്ഷ എഴുതിയില്ലെന്നോ ഉത്തരം നല്‍കാന്‍ ശ്രമിച്ചില്ലെന്നോ അര്‍ത്ഥമാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നും തുടര്‍ന്ന് ഉത്തരം നെഗറ്റീവ് ആയതാകാമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷയില്‍ ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് വീതമാണ് നല്‍കുക. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം കുറയ്ക്കും. ഉത്തരം നല്‍കാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുകയോ കുറയ്ക്കുകയോ ചെയ്യുകയില്ല.

ശനിയാഴ്ചയാണ് കേന്ദ്രാടിസ്ഥാനത്തിലുള്ള പരീക്ഷ ഫലം എന്‍.ടി.എ പുറത്തുവിട്ടത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് എന്‍.ടി.എ ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മറച്ചുവെച്ച് ഫലം പുറത്തുവിടണമെന്നായിരുന്നു ഉത്തരവ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കൂട്ടഹരജി സുപ്രീം കോടതി ഇന്ന് (ജൂലൈ 22) പരിഗണിക്കും.

Content Highlight: More than 11,000 students scored zero and negative marks in the NEET exam

We use cookies to give you the best possible experience. Learn more