ശ്രീനഗര്‍: പി. എം കെയര്‍ (പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ്) ഫണ്ടില്‍ നിന്നും കശ്മീരിന് നല്‍കിയ വെന്റിലേറ്ററുകള്‍ ഒന്നു പോലും പ്രവര്‍ത്തിക്കാത്തതെന്ന് റിപ്പോര്‍ട്ടുകള്‍.
ജമ്മു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബല്‍വീന്ദര്‍ സിംഗ് എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സംസ്ഥാനം ആവശ്യപ്പെടാതെയാണ് വെന്റിലേറ്ററുകള്‍ നല്‍കിയത് എന്നും വിവരമുണ്ട്.
ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിക്ക് നല്‍കിയ 165 വെന്റിലേറ്ററുകളും പ്രവര്‍ത്തന രഹിതവും, കേടുവന്നതുമാണെന്നാണ് വിവരാവകാശ അപേക്ഷയെ തുടര്‍ന്ന് പുറത്തു വരുന്ന വിവരം.
15 ചോദ്യങ്ങളാണ് പി.എം കെയറുമായി ബന്ധപ്പെട്ട് ബല്‍വീന്ദര്‍ സിംഗ് ഉന്നയിച്ചത്. വിവരാവകാശ രേഖകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിന് കത്തയച്ചിട്ടുണ്ട്.
പി. എം കെയര്‍ ഫണ്ടില്‍ നിന്നും വിതരണം ചെയ്ത എല്ലാ വെന്റിലേറ്ററുകളും പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബല്‍വീന്ദര്‍ സിംഗ് കത്തില്‍ പറയുന്നുണ്ട്.
പി. എം കെയേഴ്‌സ് ഫണ്ട് 10000 വെന്റിലേറ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കമ്പനി ആദ്യമായാണ് വെന്റിലേറ്റര്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വിവാദമായിരുന്നു.
യാതൊരു വിധത്തിലുള്ള മാനദണ്ഡവും പാലിക്കാതെയാണ് കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നായിരുന്നു ആരോപണം. ആരോപണങ്ങളെ ശരിവെക്കുന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നിരുന്നത്.
കൊവിഡ് രൂക്ഷമായ 2020 മാര്‍ച്ചിലാണ് പി.എം കയര്‍ ഫണ്ട് രൂപീകരിക്കുന്നത്. ആശുപത്രിയിലെ വെന്റിലേറ്ററുകളുടെ കുറവ് രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചതിന് പിന്നാലെയാണ് പി.എം കെയര്‍ ഫണ്ട് സമാഹരണം നടന്നത്.