| Monday, 2nd December 2024, 5:16 pm

ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നൂറിലേറെപേര്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊണാക്രി: ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗിനിയയില്‍ നൂറിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയയിലെ എന്‍സെറെകോരയിലാണ് സംഭവമെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്.

ഞായറാഴ്ച നടന്ന പരിപാടിയില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരാണ് മരിച്ചതെന്നും ശാന്തത പാലിക്കണമെന്നും ഗിനിയന്‍ പ്രധാനമന്ത്രി മാമൗദി ഔറി ബാഹ് അറിയിച്ചു.

ഗിനിയയിലെ പ്രാദേശിക ആശുപത്രികളിലെ മോര്‍ച്ചറികളും വരാന്തകളും തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശക ടീമായ ലാബെയുടെ അനുയായികള്‍ റഫറിയോടുള്ള ദേഷ്യത്തില്‍ പിച്ചിലേക്ക് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സംഘര്‍ഷത്തില്‍ എത്രത്തോളം ആളുകള്‍ മരിച്ചുവെന്നതില്‍ ഔദ്യോഗിക കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് സംഭവത്തിന്റെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍സെറെകോരയിലെ പൊലീസ് സ്റ്റേഷനും ആളുകള്‍ തീയിട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ഗിനിയന്‍ പ്രസിഡന്റ് മാമൗദി ദൗബൗയെ ആദരിക്കുന്നതിന് വേണ്ടി നടത്തിയ ടൂര്‍ണമെന്റിലാണ് അക്രമസംഭവങ്ങളുണ്ടായത്. ഇരു ടീമുകളുടെയും ആരാധകര്‍ കളിസ്ഥലം കയ്യേറിയതോടെ സംഘര്‍ഷത്തിന് തുടക്കമാവുകയായിരുന്നു.

അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്ത മാമൗദിക്ക് വീണ്ടും അധികാരത്തില്‍ വരാനായാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlight: More than 100 people died in a clash between fans during a football match in Guinea.

Latest Stories

We use cookies to give you the best possible experience. Learn more