പടക്കം പൊട്ടിച്ചു; ഇറാഖില്‍ വിവാഹ പന്തലിന് തീപിടിച്ച് നൂറിലേറെ മരണം
ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ വിവാഹപന്തലിന് തീപിടിച്ച് നൂറിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ നിവേന പ്രവിശ്യയിലെ വടക്കന്‍ ഇറാഖ് നഗരമായ ഹംദാനിയയിലാണ് അപകടമുണ്ടായത്. വരനും വധുവും ഉള്‍പ്പടെ നൂറിലേറെ പേര്‍ മരണപ്പെടുകയും 150ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹ പന്തലിന് പുറത്ത് പടക്കം പൊട്ടിച്ചതും അതില്‍ നിന്നുള്ള തീപ്പൊരികള്‍ പന്തലില്‍ പതിക്കുകയും ചെയ്തതാണ് അപകട കാരണം. നിലവാരം കുറഞ്ഞ പന്തലിന്റെ സീലിങ്ങളുകളില്‍ പെട്ടെന്ന് തീ പടരുകയും താഴെയുണ്ടായിരുന്ന ആളുകള്‍ക്കിടയിലേക്ക് പതിക്കുകയും ചെയ്തത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. പെട്ടെന്ന് തീപിടിക്കുന്ന ഗുണനിലവാരമില്ലാത്ത പ്രീ ഫാബ്രിക്കേറ്റഡ് ഉത്പന്നങ്ങളുപയോഗിച്ചായിരുന്നു പന്തല്‍ നിര്‍മിച്ചത് എന്ന വിമര്‍ശനം അപകടത്തിന് പിന്നാലെ ഉയര്‍ന്നിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും നൂറിലേറെ പേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെയും വിവിധ വാര്‍ത്താ ഏജന്‍സികളെയും ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപകടമുണ്ടായ ഹംദാനിയ. ഇറാഖ് പ്രധാനമമന്ത്രി മുഹമ്മദ് ഷിയ അല്‍ സുദാനി ആരോഗ്യ, ആഭ്യന്തര വകുപ്പുകളോട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും അപകടത്തെ കുറിച്ച് അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: More than 100 dead in Iraq wedding hall fire