നാദാപുരം: കോഴിക്കോട് നാദാപുരത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐ.എമ്മില്‍ ചേരാനൊരുങ്ങുന്നു. നാദാപുരം എടച്ചേരി നോര്‍ത്ത് ബ്രാഞ്ചിലെ 35 കുടുംബങ്ങളിലെ നൂറോളം പ്രവര്‍ത്തകരാണ് സി.പി.ഐ വിടുന്നത്.
സി.പി.ഐ എടച്ചേരി നോര്‍ത്ത് ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകരായ ആളുകള്‍ നാദാപുരത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ചാണ് രാജി വെക്കുന്നതായി അറിയിച്ചത്. നൂറിലേറെ പേര്‍ ഒപ്പിട്ട രാജിക്കത്ത് ഇവര്‍ പാര്‍ട്ടിക്ക് നല്‍കി.
നേതാക്കളായ പുതുക്കുടി അശോകന്‍, പുതുക്കുടി രാജേഷ്, കെ.പി. വിജയന്‍, എന്‍.വി സുരേന്ദ്രന്‍ എന്നിവരടക്കമായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.
നാദാപുരം എം.എല്‍.എയും സി.പി.ഐ നേതാവുമായ ഇ.കെ. വിജയന്റെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ച പരാതികള്‍ പാര്‍ട്ടി പരിഗണിക്കാത്തതാണ് പെട്ടെന്നുള്ള കൂട്ട രാജിക്ക് കാരണമായത്. ഇവര്‍ക്കെതിരെ ജില്ലാ, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നേതാക്കള്‍ പരിഹാരം കണ്ടില്ലെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സി.പി.ഐ വിട്ട് വരുന്നവര്‍ക്ക് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്ന് വെള്ളിയാഴ്ച വൈകീട്ട് സ്വീകരണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായ ചാലില്‍ ഭാസ്‌കരന്‍, പുതുക്കുടി രാജേഷ് കുമാര്‍, നടുവത്തുവയല്‍ സുരേന്ദ്രന്‍, കല്ലുമ്മല്‍ ബാബു എന്നിവരാണ് സി.പി.ഐയുമായി ഇടഞ്ഞുനില്‍ക്കുന്നവരില്‍ പ്രധാനപ്പെട്ടവര്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയില്‍ ഉടലെടുത്ത ഭിന്നതയാണ് ഇപ്പോള്‍ പാര്‍ട്ടി മാറ്റത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തദിവസം സി.പി.ഐ മണ്ഡലം സമ്മേളനം നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്.
Content Highlight: more than 100 CPI workers to join CPIM soon