| Tuesday, 22nd November 2022, 1:10 pm

ലോജിക്കില്‍ സാമര്‍ത്ഥ്യം ഇത്തിരി കുറഞ്ഞുപോയി; കരിക്ക് പുതിയ സീരിസിന്റെ രണ്ട് എപ്പിസോഡുകളിലായി പത്തിലധികം തെറ്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് കരിക്ക്. ചാനലിന്റെ ഓരോ വീഡിയോക്കും മില്യണ്‍ കണക്കിന് കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. ഒടുവില്‍ പുറത്തിറങ്ങിയ സാമര്‍ത്ഥ്യ ശാസ്ത്രവും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. പുതിയ സീരിസിന്റെ രണ്ട് എപ്പിസോഡുകളാണ് ഇതുവരെ പുറത്ത് വന്നത്.

പല സ്ഥലങ്ങളിലായി പല സാഹചര്യങ്ങളിലായി ജീവിക്കുന്ന അഞ്ച് പേരെ ഒരാള്‍ തട്ടിപ്പിന് ഇരയാക്കുന്നതും ഇവര്‍ നഷ്ടപ്പെട്ട പണത്തിനായി ഒരുമിച്ച് കൂടുന്നതും തുടര്‍ന്ന് നടത്തുന്ന നീക്കങ്ങളിലൂടെയുമാണ് സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ കഥ മുന്നേറുന്നത്.

എന്നാല്‍ ചിത്രത്തില്‍ ചില തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. പത്തിലധിതം തെറ്റുകളാണ് രണ്ട് എപ്പിസോഡുകളിലായി വന്നിട്ടുള്ളത്. മൂവി മാനിയ മലയാളം എന്ന യൂട്യൂബ് ചാനലിലാണ് സാമര്‍ത്ഥ്യ ശാസ്ത്രത്തിലെ പത്തിലധികം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒന്നാമത്തെ എപ്പിസോഡില്‍ ജോയുടെ മീന്‍ കൂടുകള്‍ പല രംഗങ്ങളും മാറി പോകുന്നതും ഒരു ഏരിയല്‍ ഷോട്ടിന് പിന്നാലെ വരുന്ന ക്ലോസ് ഷോട്ടില്‍ വരുന്ന കണ്ടിന്യുവിറ്റി മിസ്റ്റേക്ക്‌സും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കടക്കാരനായ വേണുവിന്റെ കഥാപാത്രം പിശുക്ക് കാണിച്ച് കൃത്യമായി 100 ഗ്രാം തൂക്കത്തില്‍ തന്നെ പഞ്ചസാര അളക്കുന്നതും തൊട്ടടുത്ത രംഗത്തില്‍ അളവ് കൂടിയിരിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പ്രധാനകഥാപാത്രങ്ങളാരും കണ്ടിട്ടില്ലാത്ത തട്ടിപ്പുകാരന്റെ ഫോട്ടോ കിട്ടിയിട്ടും ഇയാളെ കണ്ട വീട്ടുകാരെ ഫോട്ടോ കാണിച്ച് സംശയം തീര്‍ക്കാത്തതാണ് ഏറ്റവും വലിയ ലോജിക്കില്ലായ്മയായി വീഡിയോയില്‍ കാണിക്കുന്നത്. ഫോട്ടോ എടുത്തതിലും ലാപ്‌ടോപ് ഹാക്ക് ചെയ്യുന്നതിലുള്ള പ്ലാനിങ്ങിലും ഹാക്ക് ചെയ്യുന്നതിലും ഉണ്ടായിട്ടുള്ള തെറ്റുകളും വീഡിയോയില്‍ പറയുന്നുണ്ട്. തെറ്റുകളുണ്ടെങ്കിലും ഭൂരിഭാഗവും സൂക്ഷ്മ നിരീക്ഷണത്തില്‍ ശ്രദ്ധിക്കപ്പെടുന്നതും ആസ്വാദനത്തെ ബാധിക്കാത്തതുമാണ്.

പത്തിലധികം തെറ്റുകള്‍ക്കിടയില്‍ പത്ത് മില്യണിലധികം കാഴ്ചക്കാരെയാണ് രണ്ട് എപ്പിസോഡുകള്‍ കൊണ്ട് സീരിസ് നേടിയിരിക്കുന്നത്. ശ്യാമിന്‍ ഗിരീഷാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നിലീന്‍ സാന്‍ഡ്ര ആണ് തിരക്കഥ. ശബരീഷ് സജ്ജിന്‍, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്‍ഡ്ര, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, റീനു സണ്ണി, ദേവി വര്‍മ, ഷൈനി സാറ, ജിന്‍സ് ഷാന്‍, സ്‌നേഹ ബാബു തുടങ്ങിയവരാണ് പ്രധാന താരങ്ങളായി എത്തിയത്.

Content Highlight: More than 10 mistakes in two episodes of Karik’s new series Samarthya Shastram

We use cookies to give you the best possible experience. Learn more